
ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ ആദ്യത്തെ എസ്യുവി മോഡലായ DBX ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിപ്പോർട്ട് പ്രകാരം സൂപ്പർ പ്രീമിയം കാറിന്റെ എക്സ്ഷോറൂം വില 3.82 കോടി രൂപയാണ്.
അന്താരാഷ്ട്ര വിപണികളിൽ വൻവിജയമായി മാറിയ മോഡലാണ് DBX. ഈ ആസ്റ്റൺ മാർട്ടിൻ എസ്യുവിക്ക് പോർഷ കയീനെക്കാളും വലിപ്പമുണ്ട്. ബെന്റ്ലി ബെന്റേഗയേക്കാൾ നീളമുള്ള 3,060 മില്ലീമീറ്റർ വീൽബേസുമാണ് ഇതിന് ഉള്ളത്. 190 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ആസ്റ്റൺ മാർട്ടിൻ DBX എസ്യുവിക്ക് ലഭിക്കുന്നു. തെരഞ്ഞെടുത്ത മോഡിനെയും 48 വോൾട്ട് ആന്റി-റോൾ സിസ്റ്റത്തെയും ആശ്രയിച്ച് DBX 45 മില്ലീമീറ്റർ ഉയർത്താനോ 50 മില്ലീമീറ്റർ കുറയ്ക്കാനോ സാധിക്കുമെന്നാണ് സൂചന.
2.2 ടണ്ണിൽ കൂടുതൽ ഭാരവും വാഹനത്തിനുണ്ട്. പുതിയ ബോണ്ടഡ് അലുമിനിയം പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് DBX ഒരുങ്ങിയിരിക്കുന്നത്. ലിങ്കുചെയ്ത എൽഇഡി ടെയിൽ ലൈറ്റുകൾ, പിന്നിൽ റൂഫിൽ ഘടിപ്പിച്ച സ്പോയ്ലർ, സിഗ്നേച്ചർ ഡക്ടെയിൽ-സ്റ്റൈൽ ബൂട്ട് ലിഡ് സ്പോയ്ലർ, ബമ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചങ്കി, ട്വിൻ എക്സ്ഹോസ്റ്റുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള 10.25 ഇഞ്ച് സ്ക്രീനാണ് മറ്റൊരു പ്രത്യേകത. 12.3 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, 360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും നൽകിയിട്ടുണ്ട്. ലംബോർഗിനി ഉറുസ്, ഔഡി RS Q8 എന്നിവപോലുള്ള അതിവേഗ സൂപ്പർ എസ്യുവികളാണ് ആസ്റ്റൺ മാർട്ടിൻ DBXന്റെ ഇന്ത്യയിലെ എതിരാളികൾ.






