
ജീപ്പ് പുതിയ കോംപസ് എസ്.യു.വി. ജനുവരി 27-ന് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. അവതരണവേളയിലായിരിക്കും വില പ്രഖ്യാപിക്കുക. ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ ഷാർപ് ആയ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്ലൈറ്റ് ആണ് ഇതിൽ പ്രധാനം. ജീപ്പിന്റെ സിഗ്നേച്ചറായ ഏഴ് സ്ലാറ്റ് ഗ്രില്ലില്‍ കൈവെച്ചിട്ടില്ല. വലിപ്പം കൂടിയ എയർ ഡാമും പുതിയ ഫോഗ് ലാംപ് ഹൗസിംഗും ചേർന്ന പരിഷ്കരിച്ച ബമ്പർ ആണ് മുൻകാഴ്ചയിലെ മറ്റൊരു പ്രത്യേകത. 2021 ജീപ്പ് കോംപസിന്റെ ബുക്കിങ്ങ് ആരംഭിച്ചതായാണ് സൂചന.
പുതിയ അലോയി വീല്‍ മാത്രമാണ് വശങ്ങളില് വരുത്തിയിട്ടുള്ള പുതുമ. പുറകിൽ ചെറിയ രീതിയിൽ പരിഷ്കരിച്ച ടെയിൽ ലാമ്പുകളുമാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങൾ. പുത്തൻ ബോട്ടിൽ ഗ്രീൻ നിറവും 2021 കോമ്പസ്സിലുണ്ടാവും. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 10.1 ഇഞ്ച് യുകണക്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഇലക്ട്രിക് സീറ്റുകള്‍, മൂന്ന് സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡാഷ് ബോര്‍ഡിലെ ഡബിള്‍ സ്റ്റിച്ച് ലെതര്‍ ഇന്സേര്ട്ട്, പുതിയ ഡിസൈനിലുള്ള എ.സി.വെന്റ് എന്നിവയാണ് ഇന്റീരിയറിലെ പുതുമകള്‍.
മെക്കാനിക്കലായി മാറ്റങ്ങൾ വരുത്തിയിട്ടില്ല. 161 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ പെട്രോൾ ആണ് കോമ്പസ്സിന്റെ ഒരു എൻജിൻ. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. 2.0-ലിറ്റർ ടർബോ-ഡീസൽ എൻജിന് 170 ബിഎച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്സുകൾ. ഡീസൽ എഞ്ചിനുള്ള 2021 കോമ്പസ് ഫോർ-വീൽ-ഡ്രൈവ് സിസ്റ്റമുള്ള പതിപ്പിലും ലഭ്യമാവുമെന്നാണ് റിപ്പോർട്ട്.






