
വാഷിംഗ്ടണ്‍ : മാജിക് മഷ്റൂം ചായ സ്വന്തം ഞരമ്പില്‍ കുത്തിവെച്ച യുവാവിന്റെ ശരീരത്തില്‍ കൂണുകള്‍ പൊട്ടി മുളച്ചു. ഒപിയോയിഡ് ഡിപെന്‍ഡന്‍സ് ആന്‍ഡ് ഡിപ്രഷന് എന്ന വിഷാദ രോഗത്തിനുള്ള മരുന്നായാണ് 30 കാരനായ യുവാവ് കൂണ് ചായ സ്വയം തന്റെ ഞരമ്പില്‍ കുത്തിവച്ചത്. ബൈപോളാര്‍ ഡിസോഡറുമുള്ള യുവാവ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്ന് കഴിയ്ക്കുന്നത് നിറുത്തുകയും സ്വയം ചികിത്സ ചെയ്യുകയുമായിരുന്നു.
ഇന്റര്‍നെറ്റിലൂടെയാണ് യുവാവ് കൂണുകളെ കുറിച്ച് മനസിലാക്കിയത്. ഇന്റര്‍നെറ്റില്‍ നിന്ന് നിരാശ, ഉത്കണ്ഠ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് കൂണ് ഉത്തമ മരുന്നാണെന്ന് യുവാവ് മനസിലാക്കി. തുടര്‍ന്ന് യുവാവ് ഇത് സ്വയം പരീക്ഷിയ്ക്കുകയായിരുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് കൂണ് ചായ ഉണ്ടാക്കാന്‍ മനസിലാക്കിയ ശേഷം ഇത് ഉണ്ടാക്കി സ്വയം ഞരമ്പില്‍ കുത്തിവെയ്ക്കുകയായിരുന്നു. കൂണുകള്‍ വെള്ളത്തില്‍ തിളപ്പിച്ച് കോട്ടണ്‍ തുണിയില്‍ അരിച്ചെടുത്ത് നേരിട്ട് കയ്യിലെ ഞരമ്പിലേക്ക് കുത്തിവെയ്ക്കുകയായിരുന്നു.
ഇതിന് ശേഷമാണ് യുവാവിന്റെ ഞരമ്പിനുള്ളില്‍ കൂണുകള്‍ പൊട്ടി മുളച്ചത്. രണ്ട് ദിവസത്തിന് ശേഷം യുവാവിന് ക്ഷീണവും മഞ്ഞപ്പിത്തം, വയറിളക്കം, ഓക്കാനം തുടങ്ങിയവ അനുഭവപ്പെട്ടു. ഇതോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ കരളും വൃക്കയും തകരാറിലായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പിന്നീട് കൂണ് വളരുന്നത് തടയാന്‍ യുവാവിന്റെ രക്തം പലതവണ മാറ്റി. ചികിത്സയ്ക്ക് ശേഷം യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ജേണല്‍ ഒഫ് അക്കാദമി ഓഫ് കണ്സള്ട്ടേഷന് ലൈസന് സൈക്കാട്രിയിലാണ് യുവാവിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.






