
സ്വയം യേശുവാണെന്ന് പ്രഖ്യാപിച്ച് സൈബീരിയയിലെ ടൈഗ വനത്തില്‍ പ്രത്യക്ഷപ്പെട്ട ആള്‍ദൈവമാണ് സെര്‍ജി ടൊറോപ്പ്. 1980 -കളുടെ അവസാനം വരെ മിനുസിന്‍സ്കില്‍ പട്രോളിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചയാളാണ് 1990 ഓഗസ്റ്റ് 18 -ന് വെളിപാട് കിട്ടിയെന്ന് പറഞ്ഞ് സ്വയം ദൈവമായി എത്തിയത്. കാഴ്ചയില്‍ യേശുവിനെ പോലെ വസ്ത്രം ധരിക്കാനും, മറ്റ് ശാരീരിക മാറ്റങ്ങള്‍ വരുത്താനും അയാള്‍ ശ്രദ്ധിച്ചു. ഇത് അനുയായികളില്‍ കൂടുതല്‍ വിശ്വാസം ജനിപ്പിച്ചു.
'' ഇതെല്ലാം വളരെ സങ്കീര്‍ണ്ണമാണ്. എന്നാല്‍ ലളിതമായി പറഞ്ഞാല്‍, ഞാനാണ് യേശുക്രിസ്തു. ഞാന്‍ ദൈവമല്ല. യേശുവിനെ ദൈവമായി കാണുന്നത് തെറ്റാണ്. എന്നാല്‍, ഞാന്‍ പിതാവായ ദൈവത്തിന്റെ ജീവനുള്ള വചനമാണ്. ദൈവം പറയാന്‍ ആഗ്രഹിക്കുന്നതെല്ലാം അവന് എന്നിലൂടെ പറയുന്നു'' - അയാള്‍ പറഞ്ഞു.
പുതുതായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരുപിടി അനുയായികളോടൊപ്പം, പുരാതന ടൈഗയിലേക്ക് പോയി ഒരു പുതിയ ജീവിതം ആരംഭിച്ചു. 1991-ല്‍ അയാള്‍ തന്റെ ശുശ്രൂഷയായ ചര്‍ച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റ്മെന്റ് സ്ഥാപിച്ചു. ക്രിസ്മസ് ആഘോഷിക്കുന്നതിനു പകരം ജനുവരി 14 -ന് അയാളുടെ ജന്മദിനമായി അവര്‍ ആഘോഷിച്ചു. ദിവസത്തില്‍ മൂന്നു പ്രാവശ്യം താഴ്വരയ്ക്ക് മുകളിലുള്ള ഒരു പര്‍വതത്തില്‍ നിന്ന് ഒരു വലിയ മണി മുഴങ്ങും. ആ സമയത്ത് അനുയായികള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കണം.
സ്പര്‍ശനത്തിലൂടെ എയ്ഡ്സ്, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ സുഖപ്പെടുത്താന്‍ തനിക്ക് കഴിയുമെന്ന് അയാള്‍ അവകാശപ്പെട്ടു. ഇവിടെ ചേരുന്ന ആളുകള്‍ തങ്ങളുടെ സ്വത്തുക്കള്‍ ഇവിടേയ്ക്ക് നല്‍കണം. അനുയായികള്‍ ചെറിയ കുടിലുകളില്‍ കഴിയുമ്പോള്‍ അയാള്‍ കുന്നിന് മുകളിലുള്ള മനോഹരമായ ഒരു കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. ന്യൂയോര്‍ക്ക്, ജര്‍മ്മനി, നെതര്‍ലാന്റ്സ്, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനായി യാത്രകള്‍ ചെയ്തു. ഒന്നിലധികം പുരുഷന്മാരായുമായി ബന്ധം പുലര്‍ത്താന്‍ സ്ത്രീകളെ ഇവിടെ നിര്‍ബന്ധിച്ചിരുന്നു.
എന്നാല്‍, ഒടുവില്‍ അയാള്‍ ഇരുമ്പഴിക്കുള്ളിലായി. റഷ്യന്‍ സുരക്ഷാസേന താന്‍ യേശുവിന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട ആ മുന്‍ ട്രാഫിക് പൊലീസുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ വിരുദ്ധമായ ഒരു മതസംഘടന നടത്തിയെന്ന കുറ്റമാണ് അയാള്‍ക്കെതിരെ റഷ്യയുടെ അന്വേഷണ സമിതി ചുമത്തിയത്. ടൊറോപ്പ് വിശ്വാസികളുടെ പണം കവര്‍ന്നതായും അവരെ വൈകാരികമായി ദുരുപയോഗം ചെയ്തതായും അവരുടെ ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തിയതായും പൊലീസ് പറഞ്ഞു.






