
കുറച്ച് പ്രായം കൂടിയാല്‍ നാട്ടുപല്ലവിയായി പറയുന്ന വാചകമാണ് മൂക്കില്‍ പല്ല് മുളച്ചല്ലോയെന്ന്. എന്നാല്‍ മൂക്കില്‍ പല്ല് മുളച്ച സംഭവം ആരും കേട്ടിട്ടില്ല താനും. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുകയാണ്. ബഹ്റൈനില്‍ 16 വയസുള്ള ഒരു പെണ്‍കുട്ടിയ്ക്കാണ് മൂക്കില്‍ പല്ല് വന്നത്. മൂക്കില്‍ എന്തോ തടസം പോലെ തോന്നിയതോടെ ഇതേ കുറിച്ച് കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മൂക്കില്‍ പല്ല് വളര്‍ന്നതായി കണ്ടെത്തിയത്. മൂക്കിലെ ദ്വാരത്തിനു നടുവിലായാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മൂക്കില്‍ നിന്ന് പല്ല് പുറത്തെടുക്കുകയായിരുന്നു. മൂക്കിനുള്ളില്‍ തടസം അനുഭവപ്പെടുന്നതായാണ് ഇഎന്‍ടി വിഭാഗത്തിലെത്തിയ പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് എന്‍ഡോസ്കോപ്പിയും സിടി സ്കാനും നടത്തി. പരിശോധനയില്‍ മൂക്കില്‍ പല്ലു പോലെ എന്തോ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിക വിദ്യയിലൂടെ ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മൂക്കില്‍ നിന്ന് പല്ല് പുറത്തെടുത്തത്. കിം ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഇഎന്‍ടി കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ ഹെഷം യുസിഫ് ഹസന്റെ നേതൃത്വത്തിലാണ് പല്ല് നീക്കം ചെയ്തത്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പല്ല് നീക്കം ചെയ്തെന്നും പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. സൂപ്പര്‍ ന്യൂമററി എന്ന പേരിലുള്ള പല്ല് ലോകത്തില്‍ 1000ല്‍ ഒരാള്‍ക്കു മാത്രം ഉണ്ടാകുന്നതാണ്. ഇങ്ങനെ പല്ല് വളരുന്ന അവസ്ഥ അപൂര്‍വമാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.






