
വെസ്പയുടെ ഇലക്ട്രിക്ക് സ്കൂട്ടർ അടുത്ത വർഷം ഇന്ത്യയിലെത്തും. പിയാജിയോ ഇന്ത്യ സിഇഓയും മാനേജിങ് ഡയറക്ടറുമായ ഡീഗോ ഗ്രാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബജാജ് ചേതക് ആയിരിക്കും വിപണിയിൽ പ്രധാന എതിരാളി.
വെസ്പയുടെ ഇലക്ട്രിക്ക് സ്കൂട്ടർ ഇലട്രിക്കയാണ്. വെസ്പ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആയി ഇലട്രിക്കയെ 2017-ലാണ് അവതരിപ്പിച്ചത്. ഇലട്രിക്ക അതേപടി ഇന്ത്യയിലെത്തില്ല. ഇലട്രിക്ക അടിസ്ഥാനമാക്കി ഒരു 'മെയ്ഡ്-ഫോർ-ഇന്ത്യ' ഇലക്ട്രിക്ക് സ്കൂട്ടറാണ് അണിയറയിൽ ഇന്ത്യയ്ക്കായി തയ്യാറാവുന്നത്. ക്ലാസിക് ഡിസൈനിലാണ് ഇതും ഒരുങ്ങുക.
വെസ്പ ഇലട്രിക്ക മോഡലിലെ ലിഥിയം അയൺ ബാറ്ററി പായ്ക്ക് തന്നെ ഇന്ത്യയ്ക്കായുള്ള മോഡലിലും ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 5.4 ബിഎച്ച്പി പവറും 20 എൻഎം ടോർക്കുമേകുന്ന 4.2 kWh ഇലക്ട്രിക് എൻജിൻ ആണ് ഇലട്രിക്കയിൽ. ഇന്ത്യൻ മോഡലിൽ ഇതിൽ മാറ്റം വന്നേക്കും. യൂറോപ്യൻ വിപണികളിലെ സാന്നിധ്യമായ 50 സിസി സ്കൂട്ടർ മോഡലുകളെക്കാൾ മികച്ച പെർഫോമൻസ് ഇലട്രിക്കയ്ക്കുണ്ട് എന്ന് വെസ്പ അവകാശപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ഇലട്രിക്കയിലെ കൈനെറ്റിക് എനർജി റിക്കവറി സിസ്റ്റം ഇന്ത്യൻ പതിപ്പിൽ ഉണ്ടാകില്ല.
4 മണിക്കൂറിൽ ഇലട്രിക്കയുടെ ബാറ്ററി പൂർണമായും ചാർജ് ആകും. സ്മാർട്ട്ഫോണിനെ വാഹനവുമായി ബന്ധിപ്പിക്കുന്ന വെസ്പ മൾട്ടിമീഡിയ പ്ലാറ്റ്ഫോം, റൈഡ്-ബൈ-വയർ, രണ്ട് റൈഡിംഗ് മോഡുകൾ (ഇക്കോ, പവർ), 4.3 ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ എന്നിങ്ങനെയുള്ള ഫീച്ചർ ഇന്ത്യക്കുള്ള ഇലക്ട്രിക് വെസ്പയിൽ ലഭിച്ചേക്കും.






