2021 ജീപ്പ് കോമ്പസ് ഇന്ത്യൻ വിപണിയിൽ എത്തി. ടാറ്റ ഹാരിയർ, എംജി ഹെക്ടർ, സ്കോഡ കരോക്ക്, ഹ്യുണ്ടേയ് ട്യൂസോൺ എന്നീ എസ്യുവികളായിരിക്കും 2021 കോമ്പസ്സിന്റെ എതിരാളികൾ. സ്പോർട്ട്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ് എന്നീ വേരിയന്റ് കൂടാതെ എസ് എന്നൊരു പുതിയ വേരിയന്റിലും പുത്തൻ കോമ്പസ് എത്തുന്നു. 16.99 ലക്ഷം മുതൽ 28.29 ലക്ഷം വരെയാണ് പുത്തൻ കോമ്പസ്സിന്റെ എക്സ്-ഷോറൂം വില.
ജീപ്പ് ബ്രാൻഡിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി 80 ആനിവേഴ്സറി ലിമിറ്റഡ് എഡിഷനിലും 2021 കോമ്പസ് വാങ്ങാമെന്നാണ് റിപ്പോർട്ട്. നിലവിൽ വിൽപനയിൽ ലഭ്യമായിരുന്നു കോമ്പസ്സുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ വേരിയന്റുകളുടെയും വില ഏകദേശം 50,000 രൂപ വരെ വർദ്ധിച്ചു. 2021 കോമ്പസ്സിൽ മെക്കാനിക്കൽ മാറ്റങ്ങൾ ഒന്നുമില്ല. 1.4 ലിറ്റർ പെട്രോൾ ആണ് കോമ്പസ്സിന്റെ ഒരു എൻജിൻ. 161 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിനിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നി ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ട്. 170 ബിഎച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-ഡീസൽ എൻജിന് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 9 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്സുകൾ. ഫോർ-വീൽ-ഡ്രൈവ് സിസ്റ്റത്തോടെ ഡീസൽ എഞ്ചിനുള്ള 2021 കോമ്പസ് മാത്രമേ വാങ്ങാൻ സാധിക്കൂ.
ഡാഷ്ബോർഡ് റീഡിസൈൻ ചെയ്താണ് 2021 കോമ്പസ് എത്തുന്നത്. വേരിയന്റ് അനുസരിച്ച് ഡ്യുവൽ-ടോൺ, പൂർണമായും കറുപ്പ് കോമ്പിനേഷനുകളിൽ 2021 കോമ്പസ്സിന്റെ ഇന്റീരിയർ ഒരുങ്ങുന്നു. പുത്തൻ ഡാഷ്ബോർഡിൻ്റെ ആകർഷണം പോപ്പ്-അപ്പ് സ്റ്റൈലിൽ ഡാഷ്ബോർഡിന് നടുവിലായി സ്ഥാപിച്ചിരിക്കുന്ന 10.1-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ആണ്. ഈ സ്ക്രീൻ ജീപ്പിന്റെ ഏറ്റവും പുതിയ യുകണക്ട് 5 സിസ്റ്റവുമായി കണക്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള മൾട്ടി-ഫങ്ക്ഷണൽ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലും ഒരുങ്ങുന്നു. 360-ഡിഗ്രി കാമറ, ലെതർ അപ്ഹോൾസ്റ്ററി, വയർലെസ്സ് ഫോൺ ചാർജർ, പവേർഡ് ടെയിൽ ഗേറ്റ്, മുൻ നിര സീറ്റുകൾക്ക് വെന്റിലേഷൻ എന്നിവയാണ് 2021 കോമ്പസ്സിലെ പ്രധാന സവിശേഷതകൾ.
2021 ജീപ്പ് കോമ്പസ് 7 നിറങ്ങളിൽ വാങ്ങാം. അതിൽ 3 നിറങ്ങൾ (ടെക്നോ മെറ്റാലിക് ഗ്രീൻ, ഗാലക്സി ബ്ലൂ, ബ്രൈറ്റ് വൈറ്റ്) എന്നിവ പുതുതായി അവതരിപ്പിച്ചതാണ്. കൂടുതൽ ഷാർപ് ആയ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്ലൈറ്റ് പുതിയ കോമ്പസ്സിൽ ലഭ്യമാണ്. വലിപ്പം കൂടിയ എയർ ഡാമും പുതിയ ഫോഗ് ലാംപ് ഹൗസിംഗും ചേർന്ന പരിഷ്കരിച്ച ബമ്പർ ആണ് മറ്റൊരു പ്രത്യേകത. പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ നൽകിയിട്ടുണ്ട്. പരിഷ്കരിച്ച ടെയിൽ ലാമ്പുകൾ പുറകിൽ ഒരുങ്ങുന്നു.






