ചണ്ഡീഗഡ്: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങള്‍ക്ക് കര്‍ഷക നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപണവുമായി ദീപ് സിദ്ധു. രഹസ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പാടുപെടുമെന്നും ദീപ് സിദ്ധു പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. ഡല്‍ഹിയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നാലെ ദീപ് സിദ്ധു ഒളിവില്‍ പോയിരിക്കുകയാണ്. എന്നാല്‍ ദീപ് സിദ്ധുവിനെതിരെ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
'റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരമാണ്. ഇതില്‍ തനിക്കൊരു പങ്കുമില്ല. അവര്‍ നിങ്ങളുടെ വാക്കുകളാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കമക്കിന് ആളുകളെ എനിക്ക് നിയന്ത്രിക്കാനാവുക. അവരുടെ നേതാവയ നിങ്ങളെ മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാന്‍ എനിക്കു കഴിഞ്ഞുവെങ്കില്‍ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും' ദീപ് വിഡിയോയില്‍ പറയുന്നു.
'കര്‍ഷക സമരത്തിന് ദീപ് സിദ്ധുവിന്റെ സംഭാവന വട്ടപൂജ്യമാണെന്ന് പറയുന്ന നിങ്ങള്‍ എങ്ങനെയാണ് ലക്ഷങ്ങളെ മുന്‍നിര്‍ത്തി സിദ്ധു ആക്രമണം അഴിച്ചുവിട്ടുവെന്ന് അസത്യം പ്രചരിപ്പിക്കുക. എന്നെ നിങ്ങള്‍ രാജ്യദ്രോഹിയായി മുദ്രകുത്തുകയാണെങ്കില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും രാജ്യദ്രോഹികളാണ്' ദീപ് സിദ്ധു പറഞ്ഞു. താന്‍ ഇപ്പോഴും സിംഘു അതിര്‍ത്തിയിലാണെന്നും ഒളിവില്‍ പോയിട്ടില്ലെന്നും വിഡിയോയില്‍ സിദ്ധു വ്യക്തമാക്കുന്നു.
റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധിച്ചതിന് ആഹ്വാനം ചെയ്ത നേതാക്കള്‍ പോലീസ് നടപടി ആരംഭിച്ചപ്പോള്‍ കര്‍ഷകരെ തനിച്ചാക്കി ഭയന്ന് പിന്‍വാങ്ങിയെന്നും ചെങ്കോട്ടയിലേക്ക് ആളുകളെ നയിച്ചത് തനല്ലെന്നും ദീപ് സിദ്ധു പറഞ്ഞു. ചെങ്കോട്ടയിലെ പ്രതിഷേധക്കാര്‍ക്കൊപ്പം ഉറച്ചുനിന്നിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമെന്നും കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്നും ദീപ് സിദ്ധു പറഞ്ഞു.






