
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അടുത്തിടെയാണ് സിറ്റിയുടെ അഞ്ചാം തലമുറ സെഡാന് എത്തിച്ചത്. പുതിയ റിപ്പോർട്ട് പ്രകാരം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് ഒരുങ്ങുകയാണ് അഞ്ചാം തലമുറ സിറ്റി. വിദേശ നിരത്തുകള്‍ക്കായി ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവായാണ് ഈ വാഹനം കയറ്റുമതി ചെയ്യുക.
കയറ്റുമതി ലക്ഷ്യമിട്ട് ഇന്ത്യയില്‍ ലെഫ്റ്റ് ഹാന്‍ഡ് വാഹനങ്ങള്‍ നിര്‍മിക്കുന്നത് ഹോണ്ടയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ്. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യക്ക് പിന്തുണ ഉറപ്പാക്കിയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വാഹനം ഇന്ത്യയില്‍ നിര്‍മിക്കുന്നത്.ഹോണ്ടയുടെ മറ്റ് വാഹനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സിറ്റിയുടെ അഞ്ചാം തലമുറ വിദേശ വിപണിയിലേക്ക് പോകുന്നത്.
ചെന്നൈയിലെ എന്നോര് പോര്‍ട്ടില്‍ നിന്നും ഗുജറാത്തിലെ പിപാവ് പോര്‍ട്ടില്‍ നിന്നുമാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള സിറ്റിയുടെ ആദ്യ ബാച്ച് കയറ്റി അയച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ സിറ്റിയുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ ദക്ഷിണാഫ്രിക്കയിലേക്കും ഒക്ടോബറില്‍ നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളിലേക്കും കയറ്റുമതി കയറ്റുമതി ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.






