
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടിയാഗൊയുടെ പുതിയ പരിമിത പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്. വാഹനത്തിന്റെ ടീസര്‍ ചിത്രമാണ് ഇപ്പോള്‍ കമ്പനി പങ്കുവെച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ ടിയാഗൊയുടെ പുതിയ പരിമിത പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടീസര്‍ ചിത്രത്തിനൊപ്പം ''കൂടുതല്‍ സൗകര്യം, കൂടുതല്‍ ശൈലി, ന്യൂ ടിയാഗൊ- പരിധിയില്ലാത്ത വിനോദങ്ങള്‍'', എന്നിങ്ങനെ ഏതാനും വാചകങ്ങളും ടാറ്റ പങ്കുവെച്ചിട്ടുണ്ട്. വാഹനം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ ഈ ഘട്ടത്തില്‍ ലഭ്യമല്ല. മുമ്പ് പരീക്ഷണയോട്ടം നടത്തുന്ന ടിയാഗൊയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ടിയാഗൊ കാമോ, ടിയാഗൊ ഡാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന ചില പ്രത്യേക പതിപ്പ് മോഡല്‍ പേരുകള്‍ 2020 സെപ്റ്റംബറില്‍ ടാറ്റ വ്യാപാരമുദ്ര നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. വരാനിരിക്കുന്ന പുതിയ മോഡലിന് ഈ രണ്ട് പേരുകളില്‍ ഒന്നായിരിക്കും ലഭിക്കുക എന്ന് സൂചനകളുണ്ട്.
എഞ്ചിനില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. നിലവിലുള്ള 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനുമായി തന്നെ മുന്നോട്ട് പോകും. ഈ എഞ്ചിന് 85 bhp കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന് ജോടിയാക്കുന്നത് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്സ് (എഎംടി) ഉപയോഗിച്ചാണ്. ചില ഇന്റീരിയര്‍ അപ്ഡേറ്റുകളും വാഹനത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല, ചില പുതിയ ബാഹ്യ ഡെക്കലുകളോ പുതിയ ഗ്രാഫിക് വര്‍ക്കുകളോ വാഹനത്തിൽ പ്രതീക്ഷിക്കാം.