
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ പുതിയ സി5 എയർക്രോസ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സി5 എയർക്രോസ്സ് ആഗോള വിപണിയിൽ സിട്രോൺ ഏറ്റവും അധികം വിൽക്കുന്ന മിഡ്-സൈസ് എസ്യുവിയാണ്. ഫിയറ്റ് ക്രൈസ്ലർ, ഗ്രൂപ്പ് പിഎസ്എ എന്നീ വാഹന ഭീമന്മാർ ഒന്നിച്ചു ചേർന്ന് അടുത്തിടെ നിലവിൽ വന്ന സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ ആണ് പുത്തൻ താരം.
റിപ്പോർട്ട് പ്രകാരം സി5 എയർക്രോസ്സ് എസ്യുവി മാർച്ചിൽ വില്പനക്കെത്തും. സി5 എയർക്രോസ്സ് എസ്യുവിയുടെ നിർമാണം തമിഴ് നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചു എന്നാണ് സൂചന.സി5 എയർക്രോസ്സ് എസ്യുവിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമാണം കഴിഞ്ഞ വർഷം ജൂലായിൽ തന്നെ സികെ ബിർള ഗ്രൂപ്പുമായി ചേർന്ന് തിരുവള്ളൂർ പ്ലാന്റിൽ സിട്രോൺ ആരംഭിച്ചിരുന്നു.
റിപ്പോർട്ട് അനുസരിച്ച് ഫെബ്രുവരി ഒന്നാം തിയതി നടത്താനിരിക്കുന്ന അവതരണത്തിന് മുൻപായാണ് വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണം ഇപ്പോൾ തുടങ്ങിയത്. 2.5 ലക്ഷത്തോളം കിലോമീറ്റർ ടെസ്റ്റിംഗിന് ശേഷമാണ് വാഹനഭാഗങ്ങൾ ഇറക്കുമതി ചെയ്ത് കൂട്ടിച്ചേർക്കുന്ന കംപ്ലീറ്റ്ലി നോക്ഡ് ഡൌൺ (സികെഡി) രീതിയിൽ ഇന്ത്യയിൽ സി5 എയർക്രോസ്സിൻ്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത് എന്ന് സിട്രോൺ വ്യക്തമാക്കി.
ടാറ്റ ഹാരിയർ, എംജി ഹെക്ടർ, ജീപ്പ് കോമ്പസ്, ഹ്യൂണ്ടായ് റ്റ്യൂസോൺ തുടങ്ങിയ എസ്യുവികളായിരിക്കും എതിരാളികൾ. 180 എച്ച്പി പവർ നിർമിക്കുന്ന 2.0-ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും ഇന്ത്യയ്ക്കായുള്ള സി5 എയർക്രോസ്സ് സ്സിൽ ഒരുങ്ങുക. 8-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഈ എൻജിൻ ബന്ധിപ്പിക്കുക.






