
സൗത്ത് ആഫ്രിക്കന്‍ വിപണിയില്‍ ഏറ്റവും സുരക്ഷിതമായ വാഹനമാണെന്ന് തെളിയിച്ചിരിക്കുകയാണ് മഹീന്ദ്രയുടെ എക്സ്.യു.വി300. അടുത്തിടെ നടന്ന ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ആണ് ഈ കോംപാക്ട് എസ്.യു.വി. സ്വന്തമാക്കിയത്. ഇതോടെ സൗത്ത് ആഫ്രിക്കയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്ന ആദ്യ വാഹനമായി മഹീന്ദ്ര എക്സ്.യു.വി300.
മഹീന്ദ്രയുടെ എക്സ്യുവി 300 കോംപാക്ട് എസ്യുവി 2019-ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ വാഹനം ഇന്ത്യയില്‍ നിര്‍മിച്ചാണ് സൗത്ത് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. സൗത്ത് ആഫ്രിക്കയിലെയും ഇന്ത്യയിലെയും വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റിന് ഒരേ മാനദണ്ഡമാണുള്ളതെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള എക്സ്.യു.വി 300-ഉം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുകയും സേഫര്‍ ചോയിസ് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ഈ വാഹനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കാര്യക്ഷമമായ സുരക്ഷയാണ് ഒരുക്കുന്നതെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിഞ്ഞിരിക്കുന്നത്.
ഈ വാഹനം രൂപകല്‍പ്പന ചെയ്തത് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്ഫോമില്‍ മഹീന്ദ്രയുടെ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീനയാണ്. ഈ വാഹനം 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളിലാണ് എത്തിയത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമുണ്ട്. എയര്‍ബാഗ്, സീറ്റ് റിമൈന്‍ഡര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി തുടങ്ങിയവ വാഹനത്തിലെ അടിസ്ഥാന സുരക്ഷ ഫീച്ചറുകളാണ്






