ഉപയോക്താക്കള്‍ക്ക് ഇനി അവരുടെ വാട്സാപ്പില്‍ നിന്നും മറ്റ് മെസേജിങ് ആപ്പുകളില്‍ നിന്നും അവരുടെ ചാറ്റുകള്‍ ടെലഗ്രാമിലേക്ക് കൊണ്ടുവരാന്‍ സാധിയ്ക്കും. ഇതിനായി മൈഗ്രേഷന്‍ ടൂളുമായി ടെലഗ്രാമിന്റെ പുതിയ അപ്ഡേറ്റ് എത്തി. മൈഗ്രേഷന്‍ ടൂള്‍ ഇപ്പോൾ ആന്‍ഡ്രോയിഡിലേക്കുള്ള ടെലഗ്രാമിന്റെ 7.4 അപ്ഡേറ്റിലാണ് ഉള്ളത്. അതേസമയം, ഐഓഎസിലെ ടെലഗ്രാം 7.4 അപ്ഡേറ്റില്‍ ഈ സംവിധാനം നല്‍കിയിരുന്നു. എന്നാൽ,തൊട്ടുപിന്നാലെ വന്ന 7.4.1 അപ്ഡേറ്റില്‍ മൈഗ്രേഷന്‍ ടൂള്‍ ഒഴിവാക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാറ്റ് ടെലഗ്രാമിലേക്ക് കൊണ്ടുവരാന്‍ ആദ്യം നിങ്ങളുടെ ടെലഗ്രാം ആപ്പ് അപ്ഡേറ്റ് ചെയ്യുക. ശേഷം വാട്സാപ്പ് തുറക്കുക. ടെലഗ്രാമിലേക്ക് നിങ്ങൾ കൊണ്ടുവരേണ്ട ഉദ്ദേശിക്കുന്ന ചാറ്റ് തുറക്കുക. തുടർന്ന് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക. More എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം Export Chat ഓപ്ഷന് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ ടെലഗ്രാം തിരഞ്ഞെടുക്കുക. ടെലഗ്രാം ചാറ്റ് ലിസ്റ്റ് അപ്പോള്‍ തുറന്നുവരും. ശേഷം, വാട്സാപ്പ് ചാറ്റ് ആരുടെ ചാറ്റിലേക്കാണ് ഇംപോര്‍ട്ട് ചെയ്യേണ്ടത് അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നുവരുന്ന വിന്‍ഡോയിലെ Import എന്ന ബട്ടന് ക്ലിക്ക് ചെയ്യാവുന്നതാണ്. പുതിയ മൈഗ്രേഷന്‍ ടൂള്‍ വഴി വാട്സാപ്പിലെ ചാറ്റുകളിലെ സന്ദേശങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടാതെ ടെലഗ്രാമിലേക്ക് മാറാന്‍ കഴിയും.






