
അടുക്കളയുടെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ജിയോബേബി സംവിധാനംചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് കണ്ടവര്‍ക്ക് പറയാനുള്ള
വിശേഷം ദിനംപ്രതി നമ്മള് കേള്‍ക്കുന്ന രസകരവും വിരസതയുമായ അടുക്കളശബ്ദങ്ങളെക്കുറിച്ചാണ്. മിക്സിയുടെയും പൈപ്പില്‍നിന്ന് വെള്ളം
ഒഴുകുന്നതിന്റെയും അമ്മിയില്‍ അരയ്ക്കുന്നതിന്റെയും വിഭവങ്ങള്‍ പാകംചെയ്യുന്നതിന്റെയും ശബ്ദങ്ങള്‍, ഒരു അളവുവരെ ഈ ശബ്ദങ്ങള്‍
പ്രേക്ഷകന് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ ഇഷ്ടപ്പെടുന്നത് അതിലെ ശബ്ദക്രമീകരണം ആസ്വദിച്ചുകൊണ്ടാണ്.
ബാക്ക്ഗ്രൗണ്ട് സ്കോറിന്റെ അഭാവത്തിലും പ്രേക്ഷകനെ ശബ്ദക്രമീകരണത്തിന്റെ മാസ്മരികതയില്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ആസ്വദിക്കാനായതിനുപിന്നില് സൗണ്ട് ഡിസൈനര്‍ ടോണി ബാബുവിന്റെ ശബ്ദസര്ഗാത്മകതയ്ക്കും പങ്കുണ്ട്. ഹോളിവുഡിലെ സൗണ്ട് എഡിറ്റേഴ്സിന്റെ ആഗോള അസോസിയേഷന് എംപിഎസ്ഇയില് ഇന്ത്യയില്‍നിന്ന് അംഗത്വമുള്ള 12 പേരിലെ ഒരാളായ ടോണി ബാബു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ ശബ്ദവിശേഷങ്ങള്‍ പറയുന്നു.
ഒരു മഹത്തായ ഭാരതീയ അടുക്കള യില്‍ മികച്ച ശബ്ദനിലവാരം പുലര്‍ത്തിയതായി പ്രേക്ഷകരും മാധ്യമപ്രവര്‍ത്തകരും നിരൂപകരും ഒരുപോലെ പറയുന്നു. ഈ സിനിമയുടെ സൗണ്ട് ഡിസൈനറായി ടോണിബാബു എത്തിയ സാഹചര്യം ?
ജിയോചേട്ടന്റെ കൂടെ സൗണ്ട് ഡിസൈനറായി വര്‍ക്ക് ചെയ്യുന്ന മൂന്നാമത്തെ പടമാണ് ഒരു മഹത്തായ ഭാരതീയ അടുക്കള. കുഞ്ഞുദൈവം ആണ് ആദ്യപടം. അതിനുശേഷം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്. ഇപ്പോള്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്. കുഞ്ഞുദൈവം മുതലുള്ള ടീം വര്‍ക്കാണ്. അങ്ങനെയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഭാഗമാകുന്നത്. 2011 മുതലാണ് ഞാന്‍ ഈ മേഖലയിലേക്ക് എത്തുന്നത്. സൗണ്ട് ഡിസൈനര്‍ ബോബിജോണിന്റെ കൂടെ സഹായിയായി മുംബൈയിലാണ് കരിയര്‍ ആരംഭിക്കുന്നത്. സൗണ്ട് എഡിറ്റര്‍ /ഡിസൈനര്‍ സഹായി ആയതിനുശേഷം ഹിന്ദി, മറാത്തി, മലയാള സിനിമകള്‍ ഇന്‍ഡിപെന്‍ഡന്റായി ചെയ്തു തുടങ്ങി. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ജോസഫ്, ഉദാഹരണം സുജാത, ഒരായിരം കിനാക്കളാല്‍, ഗൗതമന്റെ രഥം, നോണ്‍സന്‍സ്, കെയര്‍ ഓഫ് സൈറാ ബാനു ഇതൊക്കെ ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളാണ്.
ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഇല്ലാതെ എങ്ങനെയാണ് ശബ്ദക്രമീകരണം കൈകാര്യംചെയ്തത് ?
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശരിക്കും ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഇല്ല. ബാക്ക്ഗ്രൗണ്് സ്കോറിന്റെ സഹായമില്ലാതെയാണ് സീനികളും
ഇമോഷനുകളും കൈകാര്യചെയ്തിരിക്കുന്നത്. അത് എനിക്ക് സൗണ്ട് വഴി ഡീറ്റൈയിലായി ട്രീറ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. അത് എനിക്ക് വളരെ
വെല്ലുവിളിയായിട്ടാണ് നേരിട്ടത്. ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഇല്ലാത്ത സീനുകള്‍, സീക്കന്സുകള് ബാക്ക് ഗ്രൗണ്ട് സ്കോറിന്റ അഭാവമില്ലാതെ
ട്രീറ്റുചെയ്യാനായി. അതൊരു പുതിയ അനുഭവമായി എനിക്ക് തോന്നി.
ശബ്ദക്രമീകരണവുമായി ബന്ധപ്പെട്ട് സംവിധായകന് ജിയോബേബി നല്കിയ നിര്‍ദ്ദേശം ? താങ്കള്‍ എടുത്ത മുന്നൊരുക്കങ്ങള്‍ ?
പൊതുവെ ജിയോചേട്ടന്റെ സിനിമയ്ക്ക് ബാക്ക്ഗ്രൗണ്ട് സ്കോര്‍ കുറവാണ്. ജിയോചേട്ടന് ഈ സിനിമ ആരംഭിക്കുന്ന സമയത്ത് നോര്‍മല്‍ രീതിയില്‍ ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഉണ്ടായിരുന്നു. മാത്യുപുളിക്കലാണ് മ്യൂസിക്ക് ചെയ്യാനിരുന്നത്. ഷൂട്ട് കഴിഞ്ഞ് എഡിറ്റ് ഫസ്റ്റ്
കട്ട് കഴിഞ്ഞതിനുശേഷമാണ് ജിയോചേട്ടന് എന്നെ വിളിച്ചുപറയുന്നത്. ബാക്ക്ഗ്രൗണ്ട് സ്കോര്‍ വയ്ക്കാതെ വിഷല്‍ കണ്ടപ്പോള്‍ രസമായി
ഫീല്ചെയ്യുന്നതായി പറഞ്ഞു. എഡിറ്റുചെയ്യുന്ന സമയത്ത് അടുക്കളയിലെ ശബ്ദങ്ങള്‍ വളരെ റിഥമായി അനുഭവപ്പെട്ടതായും പറഞ്ഞു. എനിക്ക് വളരെ
വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണിത്. ഹോംവര്‍ക്ക് ചെയ്തുനോക്കട്ടെയെന്നും ശ്രമിക്കാമെന്നും ഞാന്‍ പറഞ്ഞു. ടെന്‍ഷന്‍ അടിക്കണ്ട എന്നും വര്‍ക്ക്ഔട്ട് ആയില്ലെങ്കില്‍ സ്കോര്‍ ഉപയോഗിക്കാമെന്നും പറഞ്ഞ് ജിയോ ചേട്ടന് എനിക്ക് ആത്മവിശ്വാസംനല്‍കി.
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സിങ്ക്സൗണ്ട് പടമാണോ അല്ലെങ്കില്‍ ഡബ് പടമാണോ ?
ഈ പടം സിങ്ക്സൗണ്ട് പടമല്ല. ഡബ്ചെയ്ത പടമാണ്. മള്‍ട്ടിപ്പിള്‍ മൈക്കുകള്വച്ച് ഒരോ ഡയലോഗിന്റെയും ക്ലാരിറ്റി ചോര്‍ന്നുപോകാതെ ഓരോ
ഷോട്ടിനനുസരിച്ചാണ് റെക്കോര്‍ഡ് ചെയ്തത്. അതിനുശേഷം ഫുട്സ്റ്റെപ്പുകളുടെ ശബ്ദങ്ങള്‍ റീക്രിയേറ്റ് ചെയ്തെടുത്തു. കഥയില്‍
പരാമര്‍ശിക്കുന്ന സമയത്തിനു അനുസരിച്ചാണ് കിച്ചന്റെ പുറത്താണെങ്കിലും അകത്താണെങ്കിലും ആമ്പിയന്‍സും എഫക്റ്റ്സുകളും ലൊക്കേഷനില്പോയി റെക്കോര്‍ഡ് ചെയ്തെടുത്തത്. അമ്മിയില്‍ അരക്കുന്നത് ഒരു സ്ത്രീയെകൊണ്ട് അരപ്പിച്ചാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തത്. സ്ത്രീകള്‍ അരക്കുന്നതും പുരുഷന്മാര് അയക്കുന്നതും വേഗതയില്‍ രണ്ടുതരമാണ്. അതാ സ്ത്രീയെകൊണ്ട് അരപ്പിച്ചത്.
അതുകൊണ്ടാണ് അമ്മിയില്‍ അരക്കുന്നത് അതേ സ്വാഭാവികതയോടെ ക്ലാരിറ്റിയോടെ വന്നിരിക്കുന്നത്. അതുപോലെ പൈപ്പില്‍ വെള്ളം ബ്ലോക്കായി രണ്ടാമത് വെള്ളം പോകുന്ന ശബ്ദം, മുറിയിലെ, വരാന്തയിലെ ഡൈനിംഗ് ഏരിയയുടെ ഒക്കെ ആമ്പിയന്‍സ് ഇതെല്ലാം നമ്മള് അവിടെത്തെ സമയം അനുസരിച്ച് രണ്ടാമത് അവിടെ പോയി റീക്രിയേറ്റ് ചെയ്ത് റെക്കോഡ്ചെയ്ത് എടുത്തതാണ്.
ഈ സിനിമയിലെ ശബ്ദക്രമീകരണത്തെക്കുറിച്ച് പ്രേക്ഷകരുടെ പ്രതികരണം ?
ബാക്ക്ഗ്രൗണ്ട് സ്കോര്‍ ഇല്ലാത്തതുകൊണ്ട് ഓരോ സീനും ഞാന്‍ വളരെ ഡീറ്റൈയില്‍ ആയാണ് ചെയ്തത്. ഒടിടിയിലാണ് റിലീസ് ചെയ്തത്. ഹെഡ് ഫോണ്വച്ച് കണ്ടപ്പോള്‍ പല ശബ്ദങ്ങളും അവരുടെ ചുറ്റിലും നടക്കുന്നതായി ഫീല്ചെയ്തതായി പ്രേക്ഷകര്‍ പറഞ്ഞു. അത് എന്റെ വിജയമായി കാണുന്നു. കാരണം അത്രയ്്ക്കും ഒരു പ്രേക്ഷകന് കഥയ്ക്ക് അകത്തേ്ക്ക് കൊണ്ടുവരാന്‍ ഞാന്‍ നല്കിയ ശബ്ദത്തിന് കഴിഞ്ഞുവല്ലോ.
ശബ്ദക്രമീകരണത്തിനെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത് അവര്‍ക്ക് ഭയങ്കര ഇഷ്ടപ്പെട്ടതായാണ്. വളരെ റിയലിസ്റ്റിക്കായി അവര്‍ക്ക് അനുഭവപ്പെ്ട്ടുവെന്നാണ്. എല്ലാവരും നല്ല അഭിപ്രായമാണ് പറയന്നത്.
ഇന്‍സ്റ്റാഗ്രാമിലും മെസെഞ്ചറിലും ഒക്കെ എല്ലാവരും വിളിക്കുമ്പോള്‍ സൗണ്ട് വളരെ നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് അത് റിലേറ്റ് ചെയ്യാനാകുന്നുവെന്ന് പറയുന്നു. അവരുടെ ജീവിതത്തില്‍ നടക്കുന്നതു പോലെ. അത് എനിക്ക് വലിയ അംഗീകാരമായാണ് തോന്നുന്നത്. പ്രത്യേകിച്ചും റിവ്യൂ എഴുതിയ എല്ലാവരും സൗണ്ടിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. മുമ്പ് ഏതെങ്കിലും സിനിമയിലെ സൗണ്ടിനെക്കുറിച്ച് ഇതുപോലെ ആരും എടുത്തുപറഞ്ഞതായി കണ്ടിട്ടില്ല. എന്റെ ഒരു അറിവില്‍ കുറച്ചുനാളുകള്‍ക്കുശേഷം ബാക്ക്ഗ്രൗണ്ട് സ്കോറിന്റെ സഹായമില്ലാതെ പടം മുഴുവനും സൗണ്ട് ഡിസൈനില്‍ ചെയ്തിരിക്കുന്നത് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലായിരിക്കും. അത് പലര്‍ക്കും പുതിയ ഒരു അനുഭവമാണ്. പ്രത്യേകിച്ചും പുതിയ സൗണ്ട് ഡിസൈനര്‍മാര്‍ക്കും സംവിധായകര്‍ക്കും. ഓരോ സീനിലും വിരസതയില്ലാതെ സൗണ്ട് ക്രമീകരിക്കാനായി എന്നാണ് എന്റെ വിശ്വാസം.
ഒടിടി റിലീസ് പ്രേക്ഷകരുടെ ശബ്ദാസ്വാദനത്തെ എത്രമാത്രം ബാധിക്കും ? തിയറ്ററില്‍ അല്ലേ സൗണ്ട് മികച്ച രീതിയില്‍ പ്രേക്ഷകന് ആസ്വദിക്കാനാകു?
തിയറ്റില്‍ വലിയ സ്ക്രീനില്‍ ആസ്വദിച്ച് കാണേണ്ടതായ സിനിമ തിയറ്ററില്‍തന്നെ ഇരുന്ന് കാണണം. പക്ഷേ തിയറ്ററില്‍
കേള്പ്പിക്കാനാകുന്നതുപോലെ സൗണ്ട്ക്ലാരിറ്റി നമുക്ക് ഒടിടിയിലും കേള്‍പ്പിക്കാനാകും. അതിനൊക്കെ ഓരോ വര്ക്ക്ഫ്ളോയുണ്ട്. ആ വര്‍ക്ക്
ഫ്ളോയില്‍ ചെയ്തുകഴിഞ്ഞാല്‍ നമുക്ക് തിയറ്ററില്‍ കേള്പ്പിക്കാനാകുന്നതുപോലെ കേള്‍പ്പിക്കാം. അതിനൊരു ഉദാഹരണമാണ് ഈ പടം.
ആദ്യം നമ്മള് ചിത്രാഞ്ജലിയിലാണ് മിക്സ് ചെയ്തിരുന്നത്. മിക്സിങ് എന്‍ജിനീയര്‍ സിനോയ് ജോസഫ്, അദ്ദേഹം നാഷ്ണല്‍ അവാര്‍ഡ് വിന്നറാണ്. മിക്സ് എല്ലാം ചെയ്ത് കഴിഞ്ഞതിനുശേഷമാണ് നമ്മള് അറിയുന്നത് നമ്മുടെ പടത്തിന്റെ ഡീല്‍ റിലീസാകുന്നത് ഒടിടിയിലാണെന്ന്.
ഒടിടിയില്‍ റിലീസ് ചെയ്യാനുള്ള സ്പെയ്സ് നീം സ്ട്രീമിലാണ്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍, ഹോട്സ്റ്റാര് ഇങ്ങനെ എല്ലാ ഒടിടി
പ്ലാറ്റുഫോമിലും സൗണ്ടിന് ഓരോ സ്പെസിഫിക്കേഷനുണ്ട്. അതിന് സൗണ്ടിന് ഒരു വാല്യൂവുണ്ട്. ആ രീതിയില്‍ സൗണ്ട് മിക്സ് ചെയ്യാമെങ്കില്‍ വളരെ ക്ലാരിറ്റിയോടെ സൗണ്ട് കേള്‍പ്പിക്കാനാകും. അതുകൊണ്ട് നമ്മള് ചിത്രാഞ്ജലിയില്‍ മിക്സ് ചെയ്തു കഴിഞ്ഞതിനുശേഷം നമ്മള് ഒടിടിയിലെ
റിലീസാണെന്ന് അറിഞ്ഞപ്പോള്‍ മുംബൈയില്വന്നിട്ട് ഒടിടിക്ക് വേണ്ടി വീണ്ടും മിക്സ് ചെയ്തു.
തിയറ്ററില്‍ കേള്‍ക്കുന്ന പല ശബ്ദങ്ങളും ചിലപ്പോള്‍ നോര്മല്സ്പീക്കറില് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ക്ലാരിറ്റി ഇല്ലാതാകാം. അപ്പോ സാധാരണ സ്പീക്കര്‍ എങ്ങനെ ശബ്ദം കേള്‍പ്പിക്കാനാകും ആ രീതിയില്‍ ശരിയായ രീതിയില്‍ മിക്സ് ചെയ്തിനുശേഷമാണ് ഔട്ട് സബ്മിറ്റ് ചെയ്തത്. നോര്‍മല്‍ സ്പീക്കര്‍ ഉള്ള ഫോണിലും ലാപിലും സിനിമ കണ്ടിട്ട് എല്ലാ ശബ്ദവും വളരെ നന്നായി ആസ്വദിക്കാനായി. അവിടെയാണ് സൗണ്ട് ഡിസൈനര്‍ എന്ന നിലയില്‍ എന്റെ വിജയമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഡയലോഗ് എഡിറ്റര്‍ (സൗണ്ട് എഡിറ്റര്‍) എന്ന നിലയിലും ടോണിയുടെ സംഭാവന കണ്ടിട്ടുണ്ട് ? എന്താണ് ഡയലോഗ് എഡിറ്റര്‍ ? വിശദീകരിക്കാമോ ?
സാധാരണ സിങ്ക് സൗണ്ട് ചിത്രങ്ങള്‍ക്കാണ് ഡയലോഗ് എഡിറ്റര്‍ എന്ന തസ്തികവരുന്നത്. ഡബ് പടങ്ങള്‍ക്കും ഉണ്ടാകും പക്ഷേ വളരെ വിരളമായേ ഉണ്ടാകുള്ളൂ. സിങ്ക് സൗണ്ട് പടങ്ങള്‍ക്കാണ് എപ്പോഴും ഡയലോഗ് എഡിറ്ററുടെ ആവിശകതയുള്ളൂ. സിങ്ക് പടങ്ങള്‍ക്കു ഓണ്ലൊക്കേഷനില്തന്നെ ഡയലോഗും ആബിയന്സും എഫക്റ്റ്സും റെക്കോര്‍ഡ് ചെയ്തെടുക്കും. ഈയൊരു
റെക്കോര്‍ഡ് ചെയ്ത ഫയല്‍ എഡിറ്റിംഗ് ടൈമുമായി മാച്ചുചെയ്തു തന്നുകഴിഞ്ഞാല്‍ ഇതിനെ നമ്മള് ഒാരോഓരോ സ്റ്റേജിലിരുന്ന്
ക്ലീന്ചെയ്യും. മള്‍ട്ടിപ്പിള്‍ മൈക്കുകളിലായിരിക്കും റെക്കോര്‍ഡ് ചെയ്യുക. മൈക്കുകള്‍ തെരഞ്ഞെടുത്ത് ഏതൊക്കെ ഡയലോഗ് ഏതൊക്കെ സമയത്ത്
കേള്‍ക്കേണ്ടത് എന്ന് തീരുമാനിക്കും.
ലൈന്‍അപ് ചെയ്ത് ക്ലീന്‍ചെയ്ത് ബേസിക് പ്രീമിക്സ് ചെയ്ത് ഒരു ക്ലാരിറ്റിയോടുകൂടി എടുക്കും. അതിനുശേഷം ചില ഡയലോഗുകള്‍ റീഡബ് ചെയ്യേണ്ടിവരും. ചില ലൊക്കേഷനിലെ സാഹചര്യത്തിനു അനുസരിച്ചും റീ ഡബ് ചെയ്യേണ്ടിവരും. അതൊരു ലിസ്റ്റ് ഉണ്ടാക്കി രണ്ടാമത് ഡബ് ചെയ്യിക്കും. ഞാന്‍ ഡയലോഗ് എഡിറ്റര്‍ ആയി ഒടുവില്‍ വര്‍ക്ക് ചെയ്ത പടം ട്രാന്‍സ് ആണ്. ട്രാന്‍സില്‍ പത്തുശതമാനംമാത്രമേ ഡബ് ചെയ്യേണ്ടിവരുകയുള്ളൂ. ബാക്കി 90ശതമാനം സിങ്ക് സൗണ്ട് ആയിരുന്നു. മറ്റുചില പടങ്ങളില്‍ എഫക്റ്റ് ആന്‍ഡ് ആബിയന്‍സ് എഡിറ്ററായും വര്‍ക്ക് ചെയ്തിട്ടുണ്ട്.
ഡികെ -