ഹൈനെസ്സ് സിബി 350 അടിസ്ഥാനമാക്കി പുത്തൻ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട. റിപ്പോർട്ട് പ്രകാരം ഈ മാസം 16-നാണ് ഹോണ്ട ബിഗ്വിങ് ഡീലർഷിപ്പ് വഴി പുത്തൻ ബൈക്ക് വില്പനക്കെത്തുക.
പുത്തൻ ബൈക്കിന്റെ ഒരു ടീസർ ചിത്രവും ഹോണ്ട പുറത്ത് വിട്ടിട്ടുണ്ട്. ടീസർ ചിത്രത്തിൽ പുത്തൻ ബൈക്കിന്റെ പിൻവശമാണ് നൽകിയിരിക്കുന്നത്. പുത്തൻ ബൈക്കിനും ഹൈനെസ്സിന് സമാനമായ ട്വിൻ ഷോക്ക് അബ്സോർബർ തന്നെയാണ് എന്ന് ടീസർ വ്യക്തമാക്കുന്നു. ടീസർ കാണിച്ചിരിക്കുന്ന പുത്തൻ ബൈക്കിന് വണ്ണം കൂടിയ 17 പിൻ വീലാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ, ഹൈനെസ്സിൽ 18-ഇഞ്ച് പിൻ വീലാണ്. മാത്രമല്ല പുത്തൻ ബൈക്കിന് ഹൈനെസ്സിൽ നിന്നും തികച്ചും വ്യത്യസ്തമായ ടയർ ത്രെഡ് പാറ്റേൺ ആണ്.
ഹോർനെറ്റ് 2.0 ബൈക്കിൽ നിന്നും കടമെടുത്തിരിക്കുന്ന ഇൻഡിക്കേറ്ററുകൾ ആണ് ബൈക്കിൽ. അല്പം മുകളിലേക്കായി ക്രമീകരിച്ചിരിക്കുന്ന എക്സ്ഹോസ്റ്റ് പൈപ്പ്, സബ്ഫ്രയ്മിനെ മറയ്ക്കും വിധത്തിലുള്ള മാഡ്ഗാർഡ്, വ്യത്യസ്തമായ കോൺടൂർ സ്റ്റിച്ചിങ്ങുള്ള സീറ്റ് എന്നിവയാണ് ടീസറിലെ ബൈക്കിന്റെ പ്രത്യേകതകകൾ. ഹൈനെസ്സ് സിബി 350 അടിസ്ഥാനമായ സ്ക്രാംബ്ലർ പതിപ്പായിരിക്കും എത്തുക എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച് 5,500 ആർപിഎമ്മിൽ 20.5 ബിഎച്ച്പി കരുത്തും 3,000 ആർപിഎമ്മിൽ 30 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന ഹൈനെസ്സ് സിബി 350-യിലെ 348.36 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാവും പുത്തൻ ബൈക്കിന്റേയും കരുത്ത്.






