
ടിയാഗൊയുടെ ലിമിറ്റഡ് എഡിഷൻ വേരിയന്റിന്റെ 2,000 യൂണിറ്റുകൾ മാത്രമാകും ടാറ്റ മോട്ടോർസ് നിരത്തിലേക്ക് എത്തിക്കുക എന്ന് പുതിയ റിപ്പോർട്ട് പറയുന്നു. ഈ വർഷം ജനുവരി 22-നാണ് ടാറ്റ ടിയാഗൊയുടെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി ഒരു ലിമിറ്റഡ് എഡിഷൻ വേരിയന്റിനെ വിപണിയിൽ എത്തിച്ചത്.
സ്റ്റാൻഡേർഡ് ടിയാഗൊയുടെ XT വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിന് 30,000 രൂപ അധികമാണ്. 5.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഫ്ലേം റെഡ്, പിയർസെൻറ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ വേരിയന്റ് വിപണിയിൽ എത്തുന്നത്. 5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, നവിഗേഷൻ മാപ്പുകളിലൂടെ 3D നാവിഗേഷൻ, പുതിയ 14 ഇഞ്ച് ബോൾഡ് ബ്ലാക്ക് അലോയ് വീലുകൾ, ഡിസ്പ്ലേയുള്ള റിവേഴ്സ് പാർക്കിംഗ് സെൻസർ, വോയ്സ് കമാൻഡ് റെക്കഗ്നിഷൻ, ഇമേജ്, വീഡിയോ പ്ലേബാക്ക് എന്നിവ ഇതിൽ നൽകിയിരിക്കുന്നു.
GNCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ടിയാഗൊ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷയേറിയ മോഡൽ കൂടിയാണ്.ടിയാഗൊ ലിമിറ്റഡ് എഡിഷൻ വേരിയന്റിന് കരുത്തേകുന്നത് 1.2 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ പരമാവധി 86 bhp പവറും 113 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇബിഡിയുള്ള എബിഎസ്, കോർണർ സ്റ്റൈബിലിറ്റി കൺട്രോൾ, ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗ്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഇമോബിലൈസർ, ഓവർ സ്പീഡ് അലേർട്ട്, ഫോളോ മി ഹോം ലാമ്പുകൾ, റിയർ സ്മാർട്ട് വൈപ്പർ, വാഷ്, ഡേ ആൻഡ് നൈറ്റ് റിയർ വ്യൂ മിറർ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളാണ്.






