
അമ്മയുടെയും കുഞ്ഞിന്റെയും രക്തഗ്രൂപ്പില്‍ ഉണ്ടാകുന്ന വ്യതിയാനംമൂലം ആദ്യ പ്രസവത്തിനുശേഷം അമ്മയുടെ ശരീരത്തില്‍ ചില ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത്തരം സ് ത്രീകള്‍ രണ്ടാമതു ഗര്‍ഭം ധരിക്കുമ്പോള്‍ ഈ ആന്റിബോഡികളുടെ പ്രവര്‍ത്തന ഫലമായി രണ്ടാമത്തെ കുഞ്ഞിന് പല ശാരീരിക പ്രശ്നങ്ങളും ഉണ്ടാകാം. ആര്.എച്ച് ഘടകത്തിലെ വൈരുധ്യംമൂലം ഉണ്ടാകുന്ന ഈ അവസ്ഥയെ ആര്.എച്ച് ഇന്കോംപറ്റിബലിറ്റി എന്നു പറയുന്നു. എന്നാല്‍ പ്രസവം വീടുകളില്‍നിന്ന് ആശുപത്രിയിലേക്ക് പൂര്‍ണമായും മാറിയതോടെ ആര്.എച്ച് ഇന്കോംപറ്റിബലിറ്റിക്കുളള സാധ്യതയും ഇല്ലാതായി.
ആര്.എച്ച് ഘടകം
അമ്മ ആര്.എച്ച് നെഗറ്റീവും കുഞ്ഞ് പോസീറ്റീവുമാണെങ്കില് പ്രസവ സമയത്ത് ആര്.എച്ച് ന് എതിരായ ചില പ്രതിരോധ വസ്തുക്കള്‍ അമ്മയുടെ ശരീരത്തില്‍ ഉണ്ടാകാം. എന്നാല്‍ ഇത് ആദ്യ പ്രസവത്തിനോ കുഞ്ഞിനോ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. ആ സ്ത്രീ രണ്ടാമതു ഗര്‍ഭം ധരിക്കുമ്പോള്‍ പ്രതിരോധ വസ്തുക്കളുടെ പ്രവര്‍ത്തന ഫലമായി കുഞ്ഞിന്റെ രക്തത്തിലെ ചുവന്ന രക്താണുക്കള്‍ നശിക്കുന്നതിനു കാരണമാകാം. രണ്ടാമത്തെ കുഞ്ഞിന് അനീമിയ, മഞ്ഞപ്പിത്തം എന്നിവയ്ക്കുളള സാധ്യതയും കൂടുതലാണ്.
ആര്.എച്ച് ഘടകത്തിലെ ഈ വ്യതിയാനം അബോര്ഷനുവരെ കാരണമാകാം. ആര്.എച്ച് ഘടകം എന്നത് ഒന്നല്ല. അനേകം ഉപഘടകങ്ങള്‍ ചേര്‍ന്ന് ഉണ്ടായിട്ടുളളതാണ്. എ.ബി.ഒ രക്തഗ്രൂപ്പുകള്‍ക്ക് പുറമേയുളളതാണിത്. ഈ ഘടകം രക്തത്തിലുളളവരെ ആര്.എച്ച് പോസിറ്റീവെന്നും ഇല്ലാത്തവരെ ആര്.എച്ച് നെഗറ്റീവെന്നും പറയുന്നു. ഒരു ആര്.എച്ച് നെഗറ്റീവ് സ്ത്രീ ആര്.എച്ച് പോസിറ്റീവ് പുരുഷനില്‍നിന്ന് ഗര്‍ഭം ധരിക്കുമ്പോഴാണ് ഇതിനുളള സാധ്യത കൂടുതല്‍.
മാതാപിതാക്കള്‍ ആര്.എച്ച് നെഗറ്റീവാണെങ്കില്‍ ഇതിനുളള സാധ്യതയില്ല. കാരണം ഇവര്‍ക്കു ജനിക്കുന്ന കുഞ്ഞ് ആര്.എച്ച് നെഗറ്റീവായിരിക്കാം. വളരെ അപൂര്‍വമായി കുഞ്ഞിന്റെ രക്താണുക്കള്‍ അമ്മയുടെ ശരിരത്തില്‍ പ്രവേശിക്കാം. ഇത്തരത്തില്‍ ആര്.എച്ച് പോസിറ്റീവ് രക്താണുക്കള്‍ അമ്മയുടെ ശരീരത്തിലേക്കു കടക്കുമ്പോള്‍ ആര്.എച്ച് ഘടകം അമ്മയുടെ ശരീരത്തില്‍ ഇല്ലാത്തതിനാല്‍ ഇതിനെതിരായ പ്രതിരോധവസ്തുക്കള്‍ അമ്മയില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.
തിരിച്ചറിയാം ആര്.എച്ച് ഘടകം
ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ നടത്തുന്ന രക്ത പരിശോധനയിലൂടെ ആര്.എച്ച് ഘടകം മനസിലാക്കാന്‍ കഴിയുന്നു. കുഞ്ഞ് ജനിച്ച ഉടനെ നടത്തുന്ന രക്ത പരിശോധനയിലൂടെ കുഞ്ഞ് ആര്.എച്ച് നെഗറ്റീവോ പോസിറ്റിവോയെന്ന് തിരിച്ചറിയാന്‍ സാധിക്കും. അടുത്ത കുഞ്ഞിന് ഉണ്ടാകുന്ന അപകടങ്ങള്‍ മുന്‍കൂട്ടി തടയാന്‍ ഇത് സഹായിക്കുന്നു.
ഗര്‍ഭാവസ്ഥയില്‍ ഇതിനെതിരെ അമ്മയ്ക്കു പ്രത്യേക മരുന്നോ, കുത്തിവയ്പ്പോ ആവശ്യമില്ല. എന്നാല്‍ വിദേശ രാജ്യങ്ങളിലും നമ്മുടെ നാട്ടില്‍ ചില ഡോക്ടര്‍മാരും ആഴ്ച കണക്കാക്കി കുത്തിവയ്പ്പ് നല്‍കാറുണ്ട്. അമ്മ ആര്.എച്ച് നെഗറ്റീവും കുഞ്ഞ് പോസിറ്റീവുമാകുമ്പോള് അമ്മയുടെ ശരീരത്തില്‍. ഉണ്ടാകുന്ന പ്രതിരോധ വസ്തുക്കള്‍ക്കെതിരെ എടുക്കുന്നതാണ് ആന്റിഡി കുത്തിവയ്പ്പ്. പ്രസവസമയത്ത് അമ്മയിലേക്കു കടന്ന ആര്.എച്ച് പോസിറ്റീവ് രക്താണുക്കളെ നിയന്ത്രിക്കുവാന്‍ കുത്തിവയ്പ്പിലൂടെ സാധിക്കുന്നു.
പ്രസവത്തിനുശേഷം 72 മണിക്കൂറിനകം ഈ കുത്തിവയ്പ്പ് അമ്മയ്ക്ക് എടുക്കുകയാണെങ്കില്‍ അടുത്ത തവണ ഗര്‍ഭം ധരിക്കുമ്പോള്‍ പ്രതിരോധ വസ്തുക്കള്‍ മൂലം കുഞ്ഞിന് ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാം. എന്തെങ്കിലും കാരണത്താല്‍ അമ്മയ്ക്ക് ആന്റി- ഡി കുത്തിവയ്പ്പ് എടുക്കാന്‍ കഴിയാതെ വന്നാല്‍ കുഞ്ഞിന് പല തരത്തിലുളള രോഗങ്ങളും ഉണ്ടാകാം. അബോര്ഷന് സംഭവിക്കാനുളള സാധ്യതയും കൂടുതലാണ്. അനീമിയ, മഞ്ഞപ്പിത്തം എന്നിവയാണ് ഇത്തരം കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്നത്.
എ.ബി.ഒ ഇന്കോംപറ്റിബലിറ്റി
രക്ത ഗ്രൂപ്പുകളിലെ വൈവിധ്യത്താല്‍ ഉണ്ടാകുന്ന മറ്റൊരു അവസ്ഥയാണ്് എബിഓ ഇന്കോംപറ്റിബലിറ്റി. ഏകദേശം 20-25 ശതമാനം സ്ത്രീകളിലാണ് ഇത് കണ്ടുവരുന്നത്. തികച്ചും വ്യത്യസ്തമായതും യോജിക്കാത്തതുമായ രണ്ടു രക്ത ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാണ് എ.ബി.ഒ ഇന്കോംപറ്റിബലിറ്റിക്കു കാരണം. അമ്മ ഒ ഗ്രൂപ്പും കുഞ്ഞ് എ.ബി,എ.ബി ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ എ.ബി.ഒ ഇന്കോംപറ്റിബലിറ്റി സംഭവിക്കാം. ഇവിടെയും ആദ്യ കുഞ്ഞിന് ഒരു പ്രശ്നവും ഉണ്ടാകുന്നില്ല. രണ്ടാമത്തെ പ്രസവശേഷം, കുഞ്ഞിന്റെ രകതത്തില് ബിലിറൂബിന്റെ അളവ് കൂടുകയും മഞ്ഞപ്പിത്തത്തിന് കാരണമാവുകയും ചെയ്യുന്നു.
ഭര്‍ത്താവിന്റെ രക്തഗ്രൂപ്പ്
ഭര്‍ത്താവിന്റെ രക്തഗ്രൂപ്പ് ആര്.എച്ച് നെഗറ്റിവാണെങ്കിലും ശ്രദ്ധ ആവശ്യമാണ്. നെഗറ്റീവ് രക്തഗ്രൂപ്പുളളവരുടെ കുഞ്ഞുങ്ങള്‍ക്ക് രക്തത്തില്‍ ചില ആന്റിബോഡികള്‍ ഉണ്ടാകാം. അത് പരിശോധനയിലൂടെ കണ്ടെത്തി പരിഹരിക്കാവുന്നതാണ്. നീര്വിക്കം, നാഡി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ആന്റിബോഡികളുടെ പ്രവര്‍ത്തിലൂടെ കുഞ്ഞിന് ഉണ്ടാകാം.
മറ്റനേകം ചെറു രക്തഗ്രൂപ്പുകളുണ്ട്. ഇവയിലുണ്ടാകുന്ന പ്രശ്നങ്ങളും അമ്മയുടെയും കുഞ്ഞിന്റെയും രക്ത പരിശോധനയിലൂടെ മനസിലാക്കി പരിഹരിക്കാവുന്നതാണ്. വീട്ടില്‍തന്നെ പ്രസവം നടന്നിരുന്ന കാലത്ത് ആളുകള്‍ ആര്.എച്ച് ഇന്കോംപറ്റിബലിറ്റിയെക്കുറിച്ച് അറിയാതെ പോവുകയും രണ്ടാമത്തെ കുഞ്ഞിന് അപകടസാധ്യത വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.
പരിശോധനകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് പ്രസവം മാറിയതോടെ ഇത് ഒട്ടും ആകുലപ്പെടേണ്ട അവസ്ഥയല്ലാതെ മാറിക്കഴിഞ്ഞു. രണ്ടാമത്തെ പ്രസവത്തിനുശേഷവും ആവശ്യമെങ്കില്‍ ആന്റി -ഡി കുത്തിവയ്പ്പ് എടുക്കണം. നമ്മുടെ നാട്ടില്‍ പൊതുവെ നെഗറ്റീവ് രക്ത ഗ്രൂപ്പുളളവരുടെ എണ്ണം കുറവായതിനാല്‍ ഇത്തരം പ്രശ്നങ്ങളും അപൂര്‍വമാകുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ആലീസ് ജോണ്‍