
ടാറ്റയുടെ പുത്തൻ 7 സീറ്റർ എസ്യുവി സഫാരി വിപണിയിലേക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗ്രാവിറ്റാസ് എന്ന പേരിൽ വിപണിയിലെത്തേണ്ടിയിരുന്ന ഹാരിയർ എസ്യുവിയുടെ വലിയ മോഡലാണ് സഫാരി എന്നപേരിൽ ഈ മാസം 22-ന് എത്തുക. ഇപ്പോൾ 2021 സഫാരിയുടെ ബുക്കിങ് ടാറ്റ മോട്ടോർസ് ആരംഭിച്ചതായിയാണ് റിപ്പോർട്ട്.
2021 ടാറ്റ സഫാരി 30,000 രൂപ നൽകി ബുക്ക് ചെയ്യാം. പുത്തൻ എസ്യുവിയുടെ ഡെലിവറി ലോഞ്ച് ദിവസം തന്നെ തുടങ്ങുമെന്ന് എന്ന് ടാറ്റ മോട്ടോർസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ നീണ്ട 20 വർഷത്തെ സേവനത്തിന് ശേഷം സഫാരി വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. ഇപ്പോൾ സഫാരി എസ്യുവിയുടെ പേര് മാത്രമേ പുത്തൻ എസ്യുവിയ്ക്കുള്ളൂ. 2021 സഫാരി പുതിയ ലുക്കിലാണ് എത്തുന്നത്.
പുത്തൻ സഫാരിക്ക് 4,661 എംഎം നീളം, 1,894 എംഎം വീതി, 1,786 എംഎം ഉയരം ഉണ്ട്. ഹാരിയറിനേക്കാൾ 63 എംഎം നീളവും 80 എംഎം ഉയരവും കൂടുതലാണ് 2021 സഫാരിയ്ക്ക്. വീൽബേസ് മാറ്റമില്ലാതെ 2741 എംഎമ്മിൽ തുടരും. ക്രോമിൽ പൊതിഞ്ഞ ടാറ്റായുടെ ട്രൈ-ആരോ ഷെയ്പ്പുലുള്ള ഗ്രിൽ, സഫാരി എന്നെഴുതിയ ക്രോം ഡീറ്റൈലിങ്ങുള്ള റൂഫ് റെയിൽ എന്നിവ പുത്തൻ സഫാരിയിൽ നൽകിയിരിക്കുന്നു.
പുതിയ ബൂട്ട് ലിഡ്, റീഡിസൈൻ ചെയ്ത ടെയിൽ ലാംപ്, പുതിയ സ്പോയ്ലർ എന്നിവയാണ് പിൻവശത്തു ഉള്ളത്. 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ് കോൺഫിഗറേഷനിൽ പുത്തൻ സഫാരി എത്തുന്നു. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വില്പനക്കെത്തുക.
ഓയിസ്റ്റർ വൈറ്റ് ഇന്റീരിയർ തീമും, ആഷ് വുഡ് ഡാഷ്ബോർഡ് ഇൻസേർട്ടുകളും 2021 സഫാരിയെ വ്യത്യസ്തമാക്കുന്നു. പുത്തൻ സഫാരിയും ലാൻഡ് റോവറിന്റെ D8ൽ നിന്ന് വേർതിരിച്ചെടുത്ത ഒമേഗ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഹാരിയറിനെ ചലിപ്പിക്കുന്ന 2.0-ലിറ്റർ ക്രയോടെക് ഡീസൽ എൻജിൻ തന്നെയാണ് പുത്തൻ ടാറ്റ എസ്യുവിയിലും. ഭാരത് സ്റ്റേജ് 6 (BS6) പാലിക്കുന്ന ഈ എൻജിൻ 170 എച്ച്പി പവർ നിർമ്മിക്കും. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.






