
ടൊയോട്ട ഫോർച്യൂണർ പ്രീമിയം എസ്യുവി സെഗ്മെന്റിൽ ഏറെ ഡിമാന്റുള്ള വാഹനമാണ്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിലാണ് പുതിയ ഫോർച്യൂണറിനെ ടൊയോട്ട വിപണിയിലെത്തിച്ചത്. ഒരു മാസം തികയുമ്പോൾ 5000ൽ ഏറെ ബുക്കിങ് നേടി കുതിക്കുകയാണ് പുത്തൻ ഫോർച്യൂണറിന്റെ വില്പന.
2021 ടൊയോട്ട ഫോർച്യൂണർ എസ്യുവിയുടെ വില 29.98 ലക്ഷം മുതൽ 37.43 ലക്ഷം വരെയാണ്. മുൻ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ അടിസ്ഥാന മോഡലിന്റെ വില 1.32 ലക്ഷം രൂപയും ഏറ്റവും ഉയർന്ന ഡീസൽ 4x4 ഓട്ടോമാറ്റിക്കിന്റെ വില 3 ലക്ഷം രൂപയും വർദ്ധിച്ചിട്ടുണ്ട്. പുതിയ രൂപകൽപ്പനയിൽ ഒരുങ്ങുന്ന ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്ലൈറ്റ്, വലിപ്പം കൂടിയ മെഷ് പാറ്റേണിലുള്ള ഗ്രിൽ, ഇരു വശത്തായുള്ള ക്രോം ബാറുകൾ, റീഡിസൈൻ ചെയ്തു കൂടുതൽ സ്പോർട്ടിയാക്കിയ ബമ്പർ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
റീഡിസൈൻ ചെയ്ത 18-ഇഞ്ച് അലോയ് വീലുകൾ മാത്രമാണ് വശങ്ങളിലെ മാറ്റം. പുറകിൽ വലിപ്പം കുറഞ്ഞ എൽഇഡി സ്ട്രിപ്പ് ടെയിൽ ലാമ്പുകൾ ലഭിക്കുന്നു. ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീൻ പുത്തൻ ഇൻഫോടൈന്മെന്റ് സിസ്റ്റം ഇന്റീരിയറിൽ ലഭിക്കുന്നു.
പുത്തൻ ടൊയോട്ട ഫോർച്യൂണറും ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദങ്ങൾ പാലിക്കുന്ന പുതിയ 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ തന്നെയാണ് വില്പനക്കെത്തിയിരിക്കുന്നത്.പെട്രോൾ എൻജിൻ 166 എച്ച്പി പവറും 245 എൻഎം ടോർക്കും നിർമ്മിക്കും. 5-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ഇത് ലഭ്യമാണ്.
ഡീസൽ എൻജിന്റെ ഔട്പുട്ടിൽ മാറ്റമുണ്ട്. 177 എച്പിയ്ക്ക് പകരം 204 എച്ച്പി പവർ ആണ് ഈ എൻജിൻ പുത്തൻ മോഡലിൽ നിർമ്മിക്കുന്നത്. മാത്രമല്ല 50 എൻഎം ടോർക്കും കൂടി ഇപ്പോൾ 500 എൻഎം ആണ് ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ഡീസൽ മോഡലും സ്വന്തമാക്കാം.






