
ഇന്‍ഡോര്‍: മത വികാരം വ്രണപ്പെടുത്തിയ കേസിൽ സ്റ്റാന്‍ഡ്അപ് ഹാസ്യതാരം മുനാവര്‍ ഫറൂഖി ജയില്‍ മോചിതനായി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് മുനാവര്‍ ജയില്‍മോചിതനായത്.
ഹാസ്യ പരിപാടിക്കിടയില്‍ ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജനുവരി ഒന്നിനാണ് ഇന്‍ഡോര്‍ പോലീസ് മുനാവര്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നത്.
വെള്ളിയാഴ്ച സുപ്രീംകോടതി മുനാവറിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ല എന്ന കാരണം പറഞ്ഞു മോചനം വൈകിപ്പിച്ചു. തുടർന്ന്, സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ ബന്ധപ്പെട്ട ശേഷമാണ് മോചനം ലഭിച്ചത്.






