
ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പുറത്തിറക്കുന്ന ആദ്യ ഓള്-ഇലക്ട്രിക് എസ്.യു.വിയായ ജാഗ്വാര്‍ ഐ-പേസ് അടുത്ത മാസം 9-ന് ലോഞ്ച് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ഐ-പേസിന്റെ ബുക്കിങ്ങും ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ ജനുവരി ആദ്യ വാരം തന്നെ ഇറക്കുമതി ചെയ്ത ആദ്യ യൂണിറ്റ് ഐ-പെയ്സിന്റെ ചിത്രങ്ങൾ ജാഗ്വർ പുറത്തുവിട്ടിരുന്നു.
2019-ല്‍ അവതരിപ്പിച്ച ഐ-പേസിന്റെ പെര്‍ഫോമെന്‍സ് പതിപ്പാണ് നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. ഐ-പെയ്സ് എസ്യുവിയുടെ ബുക്കിങ് കഴിഞ്ഞ വർഷം നവംബറിൽ തന്നെ ജാഗ്വർ ആരംഭിച്ചിരുന്നു. S, SE, HSE എന്നീ മൂന്ന് പതിപ്പുകളിൽ ഇന്ത്യയിൽ വില്പനക്കെത്തുന്ന ഐ-പെയ്സ്, EV400 പവർട്രെയിൻ ഓപ്ഷനിലാണ് ഇന്ത്യയിലെത്തുക.ഈ വാഹനത്തില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്നായി 400 പി.എസ് കരുത്ത് ഉത്പാദിപ്പിക്കുന്ന 90 കിലോവാട്ട്സ് ലിഥിയം അയേണ്‍ ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും.
റിപ്പോർട്ട് പ്രകാരം എട്ട് വര്‍ഷം വരെയും അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വരെയുമാണ് ഐ-പേസിലെ ബാറ്ററിക്ക് നിര്‍മാതാക്കള്‍ നല്കുന്ന വാറണ്ടി. 4682 മില്ലീമീറ്റർ നീളവും, 2011 മില്ലീമീറ്റർ വീതിയും, 1566 മില്ലീമീറ്റർ ഉയരവുമുള്ള ഐ-പെയ്സിന് 174 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 2990 മില്ലിമീറ്റർ വീൽ ബേസുമുണ്ട്. സാന്റോറിനി ബ്ലാക്ക്, യുലോംഗ് വൈറ്റ്, ഇൻഡസ് സിൽവർ, ഫ്യൂജി വൈറ്റ്, കാൽഡെറ റെഡ്, ഫിറെൻസ് റെഡ്, സീസിയം ബ്ലൂ, ബോറാസ്കോ ഗ്രേ, ഈഗർ ഗ്രേ, പോർട്ടോഫിനോ ബ്ലൂ, ഫറല്ലോൺ പേൾ ബ്ലാക്ക്, അരൂബ എന്നീ 12 നിറങ്ങളിൽ ജാഗ്വർ ഐ-പെയ്സ് വില്പനക്കെത്തും എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.






