
എംജി മോട്ടോർ ചില പരിഷ്കാരങ്ങളുമായി 2021 എംജി ZS ഇവി വിപണിയിലെത്തിച്ചു. തങ്ങളുടെ ഇലട്രിക് എസ്യുവി ZS ഇവിയെ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലാണ് വിപണിയിലെത്തിച്ചത്. എക്സൈറ്റ്, എക്സ്ക്ളൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തിയ ZS ഇവിയ്ക്ക് യഥാക്രമം 20.88 ലക്ഷവും 23.58 ലക്ഷവുമാണ് എക്സ്-ഷോറൂം വില.
2021 എംജി ZS ഇവിയുടെ പ്രധാന ആകർഷണം 44.5 കിലോവാട്ട് 'ഹൈടെക്' ബാറ്ററി പായ്ക്കാണ്. ഈ ബാറ്ററി പാക്ക് 2021 മോഡലിന്റെ റേഞ്ച് 419 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട് എന്നും എംജി മോട്ടോർ അവകാശപ്പെടുന്നു.എന്നാൽ, 44.5 കിലോവാട്ട് തന്നെ കപ്പാസിറ്റിയുള്ള ഇതുവരെ വില്പനയിലുണ്ടായിരുന്ന എംജി ZS ഇവിയുടെ റേഞ്ച് 340 കിലോമീറ്റർ ആയിരുന്നു. “മിക്ക സാഹചര്യങ്ങളിലും” ഒരു ചാർജിൽ 300-400 കിലോമീറ്റർ സഞ്ചരിക്കാനുള്ള പ്രായോഗിക പരിധിയാണ് പുത്തൻ ബാറ്ററി പാക്ക് നൽകുന്നത്.
2021 എംജി ZS ഇവിയുടെ വിലയും കൂടിയിട്ടുണ്ട്. എക്സൈറ്റ് പതിപ്പിന് 11,000 രൂപ കൂടി 20.99 ലക്ഷവും, എക്സ്ക്ളൂസീവ് പതിപ്പിന് 60,000 രൂപ കൂടി 24.18 ലക്ഷം രൂപയുമാണ് പുതിയ എക്സ്-ഷോറൂം വില എന്നാണ് റിപ്പോർട്ട്. 177 എംഎം ആയിരുന്ന ഗ്രൗണ്ട് ക്ലിയറൻസ് പുത്തൻ മോഡലിൽ 16 എംഎം വർദ്ധിപ്പിച്ച് ഇപ്പോൾ 205 എംഎം ആണ്. ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, സെൻസറുകൾ എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ. എംജി ZS ഇവിയ്ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 8.5 സെക്കന്റ് മതി.






