
നീണ്ട വര്‍ഷങ്ങള്‍ അതും ചെറുപ്പമായി തന്നെ ജീവിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ 180 വര്‍ഷമൊക്കെ ജീവിയ്ക്കണമെന്ന് ആഗ്രഹിച്ചാലോ ?. അത് കുറച്ച് നീണ്ടു പോയെന്ന് ആരും പറയും. ഇപ്പോള്‍ അമേരിക്കയിലെ ഒരു ജീവിതശൈലി ഗുരു 180 വര്‍ഷം ജീവിയ്ക്കാനുള്ള പൊടിക്കൈകളുമായി എത്തിയിരിയ്ക്കുകയാണ്. ഡേവ് ആസ്പ്രേ എന്നയാളുടെ ഈ വിദ്യകള്‍ ഉടന്‍ തന്നെ ഫോണുകള്‍ പോലെ ജനപ്രിയമാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഐടിവിയുടെ ദിസ് മോണിംഗില്‍ എന്ന ഷോയില്‍ പങ്കെടുത്ത ഡേവിനോട് എന്തുകൊണ്ടാണ് ഇത്രയും കാലം ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അവതാരകന് ചോദിച്ചു. അതിന് ഇദ്ദേഹം നല്കിയ മറുപടി ഇങ്ങനെയായിരുന്നു ; '' ഒരു വ്യക്തിയെന്ന നിലയില്‍, ലോകത്ത് ഒരുപാട് കാര്യങ്ങള്‍ ശരിയാക്കാനും മെച്ചപ്പെടുത്താനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഇതുവരെ ചെയ്തിട്ടില്ലെന്ന് കരുതുന്നു. ദീര്‍ഘായുസ്സിനായി എന്റെ ഈ രീതികള്‍ പ്രയോഗിച്ചാല്‍ 40 വയസ്സിന് താഴെയുള്ളവര്‍ 100 വയസ്സ് കടന്നാലും ആരോഗ്യവാന്മാരും പ്രവര്‍ത്തനക്ഷമരും ആയിരിക്കും. എന്റെ ഭാര്യയും '180 വയസ്സ് തികയാനുള്ള ഓട്ടത്തിലാണ്. അതിനാല്‍ ഞാന്‍ ഒറ്റയ്ക്കല്ല. പ്രായത്തിനനുസരിച്ച് ശരീരത്തിലെ സ്റ്റെം സെല്ലുകള്‍ തളര്‍ന്നു പോകും. അതിനാല്‍ കൂടുതല്‍ സ്റ്റെം സെല്ലുകള്‍ നല്കുന്ന വഴികളാണ് തിരഞ്ഞെടുക്കുന്നത് '' - ഡേവ് ആസ്പ്രേ വ്യക്തമാക്കി.
കൂടുതല്‍ കാലം ജീവിക്കുന്നതിന് വേണ്ടിയുള്ള ആദ്യം പ്രഭാതഭക്ഷണം ഒഴിവാക്കാനാണ് ആസ്പ്രേ ആവശ്യപ്പെടുന്നത്. ഇടവിട്ടുള്ള ഉപവാസം ഉള്‍പ്പെടെ ഇത്തരത്തിലുള്ള വിവിധ വിദ്യകള്‍ ഉപയോഗിച്ച് 2153 വരെ 'കുറഞ്ഞത്' ജീവിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. 47കാരനും കോടീശ്വരനുമായ ഡേവ് ആസ്പ്രേ തന്റെ ബയോളജിക്കല്‍ ക്ലോക്ക് തിരിച്ച് വയ്ക്കുന്ന ഈ രീതികള്‍ക്ക് ബയോഹാക്കിംഗ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലം ജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡേവ് തന്റെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. 1,000,000 ഡോളര്‍ ഇയാള്‍ ചെലവഴിച്ചിട്ടുമുണ്ട്. സ്വന്തം സ്റ്റെം സെല്ലുകള്‍ വീണ്ടും ശരീരത്തില്‍ കുത്തിവയ്ക്കാന്‍ അസ്ഥിമജ്ജയുടെ ഭാഗങ്ങളും ഇദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്.






