തിരുവനന്തപുരം: കുടിവെള്ള കണക്ഷനുകള്‍ നല്കുന്നതില് റെക്കോര്‍ഡ് കുറിച്ച് ജലവകുപ്പ്. കുടിവെള്ള മേഖലയില്‍ ആകെ 11,03,013 പുതിയ പൈപ്പ് കണക്ഷന് നല്‍കിയതായാണ് ജല വകുപ്പിന്റെ കണക്ക്. ജല അതോറിറ്റിയിലൂടെയുള്ള 8,80,794 കണക്ഷനും ജലനിധിയിലൂടെയുള്ള 1,76,045 കണക്ഷനും നല്‍കിയിട്ടുണ്ട്. ബൂജല വകുപ്പിലൂടെയുള്ള 46,174 കണക്ഷനും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ജലജീവന്‍ മിഷനിലൂടെ 1,13,332 കണക്ഷനും നല്കി.
പുതിയ 89 പദ്ധതികള്‍ പൂര്ത്തികരിക്കുന്നതിലൂടെ 416 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം അധികമായി ഉല്പാദിപ്പിച്ചു. സംസ്ഥാനത്ത് നിലവില്‍ 26,93,288 പേര്‍ക്കാണ് ജല അതോറിറ്റി കുടിവെള്ള കണക്ഷന് ഉള്ളത്. ഈ പദ്ധതികള്‍ക്കായി നബാര്‍ഡ്, സ്റ്റേറ്റ് പ്ലാന്‍, ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി, കിഫ്ബി എന്നിവയിലൂടെയാണ് ഫണ്ട് കണ്ടെത്തിയത്.
കുടിവെള്ള വിതിരണമേഖലയില് കിഫ്ബിയില്‍ നിന്നും 4428.73 കോടി രൂപയുടെ പദ്ധതികള്‍ക്ക് പുതിയതായി അനുമതി ലഭിച്ചിട്ടുണ്ട്. 115 ഗ്രാമപഞ്ചായത്തുകളിലായി നടപ്പാക്കിയ ജലനിധി പദ്ധതിയിലൂടെ 1026 കുടിവെള്ള വിതരണ പദ്ധതികളാണ് പൂര്‍ത്തികരിച്ചത്. ഇതിലൂടെ 1,76,045 വീടുകള്‍ക്ക് പുതിയ കണക്ഷന് നല്കി.






