
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിലെ നാർസോ 20-യുടെ പിൻഗാമിയായി റിയൽമി നാർസോ 30 ഉടൻ എത്തിക്കുമെന്ന് റിപ്പോർട്ട്. നാർസോ 30 ഫോണിനായുള്ള ബോക്സിന്റെ ഡിസൈൻ ഏതായിരിക്കണം എന്ന റിയൽമി കമ്മ്യൂണിറ്റി വെബ്സൈറ്റിൽ സർവ്വേ പോസ്റ്റ് ചെയ്യുക വഴിയാണ് കമ്പനി നാർസോ 30 സ്മാർട്ട്ഫോൺ ശ്രേണിയുടെ വരവ് സ്ഥിരീകരിച്ചത്.
സർവേയിൽ ആറ് വ്യത്യസ്ത ഡിസൈനിലുള്ള റീട്ടെയിൽ ബോക്സുകളാണ് ഉള്ളത്. ആരാധകർക്ക് അവർ ഇഷ്ടപ്പെടുന്ന ബോക്സിന് വോട്ട് ചെയ്യാം. നീല നിറമാണ് പ്രാഥമിക തീം. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ബോക്സ് ആയിരിക്കും റിയൽമി നാർസോ 30-യുടെ ബോക്സ് ആയി തെരഞ്ഞെടുക്കുക എന്നാണ് റിപ്പോർട്ട്.
ഈ മാസം അവസാനം അല്ലെങ്കിൽ മാർച്ചിൽ നാർസോ 30 ശ്രേണി വില്പനക്കെത്തും എന്നാണ് സൂചന. പുത്തൻ ശ്രേണിയ്ക്ക് കീഴിൽ റിയൽമി നാർസോ 30, നാർസോ 30 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് വിപണിയിലെത്തുക. ഫോണിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും റിയൽമി പുറത്ത് വിട്ടിട്ടില്ല. എന്നാൽ, വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടേക്കും. റിയൽമി വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോണായ റിയൽമി X7 ശ്രേണി അടുത്തിടെയാണ് വില്പനക്കെത്തിച്ചത്. റിയൽമി X7 5ജി, റിയൽമി X7 5ജി പ്രോ എന്ന പ്രീമിയം മോഡലും ചേർന്നതാണ് റിയൽമി X7 ശ്രേണി.






