
നെക്സോണ്‍ ഇ.വിക്ക് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ള റേഞ്ച് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു ഉപയോക്താവ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ പരാതി നല്‍കിയതായി റിപ്പോർട്ട്. ടാറ്റയുടെ നെക്സോണ്‍ ഇലക്ട്രിക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ടാറ്റ മോട്ടോഴ്സ് ഉറപ്പുനല്‍കിയിട്ടുള്ളത്. ഈ റേഞ്ച് ലഭിക്കുന്നില്ലെന്നാണ് പരാതി.
പരാതിയെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്സിന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും കമ്പനി പ്രതിനിധി 15-ാം തിയതിക്ക് മുമ്പ് നേരിട്ട് ഹാജരാകാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഡല്‍ഹിയിലെ ടാറ്റയുടെ ഡീലര്‍ഷിപ്പില്‍ നിന്ന് വാങ്ങി ഡിസംബര്‍ മൂന്നാം തിയതി രജിസ്റ്റര്‍ ചെയ്ത വാഹനത്തിനാണ് റേഞ്ച് ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉപയോക്താവ് എത്തിയിട്ടുള്ളത്.
ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ പോലും 200 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതിയിലുണ്ട്. കമ്പനി അധികൃതര്‍ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിച്ചാണ് താന്‍ വാഹനം ഉപയോഗിച്ചിട്ടുള്ളതെന്നാണ് ഉപയോക്താവ് പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാൽ, ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ഫെബ്രുവരി 15-ാം തീയതി 12 മണിക്ക് മുമ്പ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ കമ്പനി പ്രതിനിധി ഹാജരാകണമെന്നും ഇല്ലെങ്കിൽ ഡല്‍ഹി സര്‍ക്കാര്‍ സബ്സിഡി നല്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍ നിന്ന് നെക്സോണ്‍ ഇ.വി. നീക്കം ചെയ്യുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.






