
കഴിഞ്ഞ ഒക്ടോബറിലായിരുന്നു റിട്രോ ക്രൂസറായ ഹൈനെസ് സി ബി 350 അവതരിപ്പിച്ചത്. പുതിയ റിപ്പോർട്ട് പ്രകാരം വിൽപനയ്ക്കെത്തി മൂന്നു മാസത്തിനകം ഹൈനെസ് സി ബി 350 വിൽപന 10,000 യൂണിറ്റ് കടന്നെന്നു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) അറിയിച്ചു. റോയൽ എൻഫീൽഡ് ‘ക്ലാസിക് 350’, ‘ജാവ ക്ലാസിക്’, ‘ബെനെല്ലി ഇംപീരിയൽ 400’ തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.
ഹൈനെസിന്റെ അടിസ്ഥാന വകഭേദമായ ‘ഡി എൽ എക്സി’ന് 1.86 ലക്ഷം രൂപയും പ്രീമിയം വിഭാഗത്തിൽപ്പെട്ട ‘ഹൈനെസ് ഡി എൽ എക്സ് പ്രോ’യ്ക്ക് 1.92 ലക്ഷം രൂപയുമാണു ഷോറൂം വില. ഹൈനസിന്റെ അടിസ്ഥാന വകഭേദം പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക് നിറങ്ങളിലാണ് ലഭിക്കുക. അത്ലറ്റിക് ബ്ലൂ മെറ്റാലിക്-വർച്വസ് വൈറ്റ്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് — സ്പിയർ സിൽവർ മെറ്റാലിക്, മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് - മാറ്റ് മാസീവ് ഗ്രേ മെറ്റാലിക് എന്നീ ഇരട്ട വർണങ്ങളിൽ ആണ് ഡി എൽ എക്സ് പ്രോ വിപണിയിലുള്ളത്.
5,500 ആർ പി എമ്മിൽ 21 പി എസ് വരെ കരുത്തും 3,000 ആർ പി എമ്മിൽ 30 എൻ എമ്മോളം ടോർക്കും ബൈക്കിലെ 348.36 സി സി, എയർ കൂൾഡ്, ഒ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിന് സൃഷ്ടിക്കാനാവും. സ്ലിപ്പർ ക്ലച് സഹിതം അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ‘സി ബി 350 ഡി എൽ എക്സ് പ്രോ’യിൽ റൈഡറുടെ സ്മാർട്ഫോണിനെ ബ്ലൂടൂത്ത് വഴി മോട്ടോർ സൈക്കിളുമായി ബന്ധിപ്പിക്കാൻ അവസരമൊരുക്കുന്ന ഹോണ്ട സ്മാർട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം നൽകിയിട്ടുണ്ട്. ഫോൺ ബന്ധിപ്പിക്കുന്നതോടെ ഹാൻഡിൽ ബാറിൽ ഘടിപ്പിച്ച കൺട്രോൾ ഉപയോഗിച്ച് ഫോൺ കോൾ സ്വീകരിക്കാനും, മ്യൂസിക് പ്ലേബാക്ക്, നാവിഗേഷൻ,സന്ദേശങ്ങൾ വായിക്കൽ തുടങ്ങിയവയും സാധ്യമാവും.






