
ഐഎസ്ആര്‍ഒ ഗൂഗിള്‍ മാപ്പിനുള്ള ഇന്ത്യന്‍ ബദലൊരുക്കാനുള്ള ഒരുക്കത്തിലാണ്. മാപ്പിംഗ് പോര്‍ട്ടലുകള്‍, ആപ്പുകള്‍, ജിയോ സ്പേഷ്യല്‍ സോഫ്റ്റ്വെയറുകള് എന്നിവ നിര്‍മ്മിക്കാനാണ് പോകുന്നതെന്നാണ് റിപ്പോർട്ട്. മാപ്പ് മൈ ഇന്ത്യയുമായി ചേര്‍ന്നാണ് ആത്മനിര്‍ഭറിലേക്കുള്ള ഈ പദ്ധതി.
പുതിയ പദ്ധതിയിലൂടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രയത്നങ്ങളെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമെന്ന് മാപ്പ് മൈ ഇന്ത്യ സിഇഒ റോഹന്‍ വര്‍മ്മ പറയുന്നു. ഭാരതീയര്‍ക്ക് നാവിഗേഷനില്‍ തദ്ദേശീയമായ പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും ഗൂഗിള്‍ മാപ്പോ ഗൂഗിള്‍ എര്‍ത്തോ നിങ്ങള്‍ക്ക് ഇനി ആവശ്യമായി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആര്‍ഒ ഇത് സംബന്ധിച്ച ധാരണയില്‍ ഒപ്പുവച്ചതായാണ് പിടിഐ റിപ്പോര്‍ട്ട്. ഇതിനായി ജിയോ സ്പേഷ്യല്‍ വിദഗ്ധരുമായി ചേര്‍ന്ന് ജിയോ പോര്‍ട്ടലുകളുടെ സേവനം മെച്ചപ്പെടുത്തും. ഇതിനായി ഐഎസ്ആർഒയുടെ ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം – ഐആർഎൻഎസ്എസ് പ്രയോജനപ്പെടുത്തുമെന്നാണ് സൂചന.
മലിനീകരണം, കാര്‍ഷിക വിളകള്‍, കാലാവസ്ഥ, ഭൂമിയുടെ ഘടനമാറ്റം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ പോലുള്ള വിവരങ്ങളും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് റോഹന്‍ വര്‍മ്മ വിശദമാക്കുന്നത്. ഇതിനായി ഇന്ത്യയുടെ സാറ്റലൈറ്റ് ഇമേജിംഗ് സംവിധാനം, എര്‍ത്ത് ഒബ്സര്‍വേഷം ഡാറ്റ, ഡിജിറ്റല്‍ മാപ് ഡാറ്റ, ജിയോ സ്പേഷ്യല്‍ സാങ്കേതിക വിദ്യ എന്നിവയും പ്രയോജനപ്പെടുത്തും. ഐഎസ്ആര്‍ഒയും മാപ്പ് മൈ ഇന്ത്യയും തങ്ങളുടെ സേവനങ്ങളും പരസ്പരം കൈമാറും.






