
ഇന്ത്യയിലെ പ്രധാന എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയുടെ മാരാസോ എന്ന എം.പി.വിയുടെ പെട്രോള്‍ മോഡല്‍ ഉടൻ എത്തുമെന്ന് മുമ്പ് റിപ്പോർട്ട് ഉണ്ടായിരുന്നു. വൈകാതെ നിരത്തുകളില്‍ എത്താൻ പോകുന്ന പെട്രോള്‍ മോഡലിനൊപ്പം നിലവില്‍ നിരത്തിലുള്ള ഡീസല്‍ എന്ജിന് മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മഹീന്ദ്ര നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഡീസല്‍ എന്‍ജിനൊപ്പം ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന് (എ.എം.ടി) ആയിരിക്കും നല്‍കുക. മാരാസോയുടെ എം2, എം4 പ്ലസ്, എം6 പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കുകയെന്നാണ് സൂചന. ഓട്ടോമാറ്റിക് മോഡല്‍ ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനുകളിലും എത്തും. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് ഈ വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
മരാസോയിലും മഹീന്ദ്ര കോംപാക്ട് എസ്.യു.വി. മോഡലില്‍ നല്‍കിയിട്ടുള്ള എ.എം.ടി. ഗിയര്‍ബോക്സ് ആയിരിക്കും നല്‍കുക. മാനുവല്‍ മോഡ് ക്രീപ്പ് ഫങ്ഷന് എന്നിവ ഇതില്‍ ലഭ്യമാക്കും. ഓട്ടോമാറ്റിക് ട്രാന്സ്മിഷനില് കിക്ക് ഡൗണ്‍ ഷിഫ്റ്റ്സ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, അഡാപ്റ്റീവ് പെഡല്‍ റെസ്പോണ്‍സ്, ടാപ്പ് ടു സ്വിച്ച് തുടങ്ങിയ സംവിധാനങ്ങളും നല്‍കും. 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ മരാസോയുടെ പെട്രോള്‍ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു.
മഹീന്ദ്ര ആദ്യമായി 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് നല്കുന്ന വാഹനമായിരിക്കും മരാസോ എന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ 121 ബി.എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലാണ് മരാസോ എത്തുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ലഭിക്കുന്നതോടെ പവര്‍, ഇക്കോ എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍ ഇതില്‍ നല്‍കും.






