
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനവുമായി എം.ജി.മോട്ടോഴ്സ് എത്തിയേക്കും. എം.ജി.മോട്ടോഴ്സ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ രാജീവ് ചാബാ ആണ് മോഡലിനെ കുറിച്ച് എൻഡിടിവി കാര്‍ ആന്‍ഡ് ബൈക്കിനോട് പറഞ്ഞു. വാഹനത്തില്‍ ഉപയോഗിക്കുന്ന ബാറ്ററി എതായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. എം.ജിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വിയായ ZS ഇലക്ട്രിക് 340 കിലോമീറ്റര്‍ റേഞ്ചുമായാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസം അത് 419 ആയി ഉയര്‍ത്തിയാണ് ZS ഇലക്ട്രികിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്.
എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ ആണ് ZS ഇലക്ട്രികിന്റെ പുതിയ പതിപ്പ് എത്തുന്നത്. എക്സൈറ്റ് വേരിയന്റിന് 20.99 ലക്ഷവും എക്സ്ക്ലൂസീവ് വേരിയന്റിന് 24.18 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. മുന്‍ മോഡലിനെക്കാള്‍ 11,000 രൂപ മുതല്‍ 66,000 രൂപ വരെ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ZS ഇലക്ട്രിക്കില്‍ പ്രവര്‍ത്തിക്കുന്നത് ഐ.പി6 സര്‍ട്ടിഫൈഡ് 44.5 കിലോവാട്ട് ഹൈടെക് ബാറ്ററിയാണ്.
141 ബി.എച്ച്.പി. പവറും 353 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തില്‍ 50 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നാണ് റിപ്പോർട്ട്. ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, സെൻസറുകൾ എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ.






