
ഒരു വീട്ടിലെ എല്ലാവരും കലാകാരന്മാരാണെങ്കില്‍ അതൊരു മനോഹരമായ കാര്യംതന്നെയാണ്. ഇവിടെയിതാ അത്തരത്തിലൊരു താരകുടുംബമാണ് വിശേഷങ്ങളുമായെത്തിയിരിക്കുന്നത്. നടന് ഷാജു ശ്രീധറും ഭാര്യ ചാന്ദ്നിയും മക്കളായ നന്ദനയും, നീലാഞ്ജനയുമാണത്.
അഭിനയ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഷാജു ശ്രീധര്‍. ഈ സന്തോഷവേളയില്‍ മകള്‍ നന്ദന ഷാജു പുതുമുഖ നടിയായി അഭിനയരംഗത്ത് വന്നതിന്റെ സന്തോഷവുമുണ്ട് ഈ കുടുംബത്തിന്. അഭിനേത്രി കൂടിയായ ചാന്ദിനിയാണ് ഷാജുവിന്റെ ഭാര്യ. ഇളയമകള്‍ നീലാഞ്ജന ബാലതാരമായി അഭിനയ രംഗത്ത് തിളങ്ങുന്നുമുണ്ട്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഷാജുവും കുടുംബവും.
അഭിനയരംഗത്ത് സജീവമാണല്ലോ എല്ലാവരും?
ചാന്ദ്നി: ഏട്ടനും മക്കളും സിനിമയിലും അഭിനയത്തിലും സജീവമാണ്. ഞാന്‍ വിവാഹശേഷം പൂര്‍ണ്ണമായും നൃത്തരംഗത്തേക്ക് കടക്കുകയായിരുന്നു. ഇളയ മകള്‍ നീലാഞ്ജന അയ്യപ്പനും കോശിയും, കിങ് ഫിഷര്‍ ഈ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മൂത്ത മകള്‍ നന്ദന ആദ്യമായാണ് സിനിമയില്‍ എത്തുന്നത്.
ഷാജു: ഞാന്‍ അഭിനയ രംഗത്ത് വന്നിട്ടിപ്പോള്‍ 25 വര്‍ഷം തികയുകയാണ്. ഇത്രയും വര്‍ഷം ഈ ഫീല്‍ഡില്‍ നില്ക്കാന് കഴിഞ്ഞു എന്നത് വലിയ കാര്യമാണ്.
നടനെന്ന രീതിയില്‍ സംതൃപ്തനാണോ?
ഷാജു: തീര്‍ച്ചയായും. ഏത് കലയാണെങ്കിലും അറിയും തോറും പിന്നെയും അതിനെക്കുറിച്ചുള്ള അറിവുകള്‍ കടലുപോലെ കിടക്കുകയാണല്ലോ. അതുകൊണ്ട് ഇപ്പോഴും ഞാന്‍ അക്കാര്യത്തില്‍ വിദ്യാര്‍ഥി തന്നെയാണ്. ചെയ്യുന്ന ജോലി ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ട്. പല കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചു. വലിയ ലജന്റ്സിന്റെ ഒപ്പവും പുതിയ നടീനടന്മാരുടെയൊപ്പവും ജോലിചെയ്യാന്‍ കഴിയുന്നു.
പഴയ മിമിക്രി കാലഘട്ടം ഓര്‍മയുണ്ടോ?
ഷാജു: മിമിക്സ് ആക്ഷന്‍ 500 ആണ് എന്റെ ആദ്യ സിനിമ. മിമിക്രിയുടെ കാലഘട്ടത്തില്‍ സിനിമയിലേക്ക് വന്നതാണ്. അക്കാലത്ത് ധാരാളം മിമിക്രിക്കാര് ഒരുമിച്ച് സിനിമയില്‍ വരുന്ന കാലമാണ്. ഒരു സിനിമയില്‍ത്തന്നെ ധാരാളം മിമിക്രി താരങ്ങളുണ്ടാവും. അന്ന് ഇതുപോലുള്ള സൗകര്യങ്ങളൊന്നും ഇല്ല. സ്വന്തം കോസ്റ്റിയൂമുകളാണ് ഉപയോഗിക്കുന്നത്. ഒരു വാനില്‍ ഒരുമിച്ചാണ് ലൊക്കേഷനിലേക്കുള്ള യാത്ര. താമസിച്ചിരുന്നത് ഒരുമിച്ച്, ഭക്ഷണം കഴിക്കുന്നത് ഒരുമിച്ച്, ചെറിയ സാമ്പത്തികം. ഇന്ന് എല്ലാ സൗകര്യങ്ങളുമുണ്ട്. ഞങ്ങളില്‍ പലരും പലവഴികളില്‍ പോയി. സിനിമയില്‍ത്തന്നെ നിന്നവരുടെ കൂട്ടത്തില്‍ ഞാനും കലാഭവന്‍ നവാസ്, ഷാജോണ്‍, കോട്ടയം നസീര്‍, സലിംകുമാര്‍, നാദിര്‍ഷ അങ്ങനെ ചിലരൊക്കെയുണ്ട്. 25 വര്‍ഷവും സിനിമയില്‍ മാത്രമായിട്ട് ജീവിക്കാന്‍ പറ്റി. അന്ന് ഒരുമിച്ച് സ്നേഹിച്ച് ജീവിച്ചതുകൊണ്ടാവാം ഇപ്പോഴും ഞങ്ങളെല്ലാവരും തമ്മില്‍ ആ സ്നേഹവും പങ്കുവയ്ക്കലുമുണ്ട്.
എങ്ങനെയാണ് സൗഹൃദം കാത്തുസൂക്ഷിക്കുന്നത്?
ഷാജു ഗ്രൂപ്പ് ഓഫ് കൗണ്ടേഴ്സ് എന്ന പേരില്‍ വാട്ട്സാപ്പില്‍ ഞാനൊരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. അതില്‍ ഞങ്ങള്‍ മിമിക്രി സുഹൃത്തുക്കളെല്ലാവരുമുണ്ട്. നാദിര്‍ഷ, ജാഫര്‍ ഇടുക്കി, നിര്‍മല്‍ പാലാഴി, കോട്ടയം നസീര്‍, കലാഭവന്‍ റഹ്മാന്, ഹമീദ് അങ്ങനെ വലിയൊരു താരനിരയുണ്ട്. ഞങ്ങളെല്ലാവരും ഒരുമിച്ച് ഒരു വണ്ടിയില്‍ കുട്ടിക്കാനത്ത് യാത്രപോയി. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ എന്ജോയ് ചെയ്ത ഒരു യാത്രയുണ്ടായിട്ടില്ല. എന്തെല്ലാം കാര്യങ്ങളായിരുന്നു പരസ്പരം സംസാരിക്കാനുണ്ടായിരുന്നത്.
ഗള്ഫുകാരന് ആവുകയായിരുന്നില്ലേ ചെറുപ്പത്തിലെ ഏറ്റവും വലിയ ആഗ്രഹം?
ഷാജു : പണ്ട് ജോലി എന്താണെന്ന് ചോദിച്ചാല്‍ ഗള്‍ഫിലാണെന്നല്ലേ പറയാറ്. അതൊരു ഗമയാണ്. ഗള്‍ഫ് ഒരു ജോലിയല്ലല്ലോ, ഒരു രാജ്യമല്ലേ. പക്ഷേ ആരൊക്കെയോ പറഞ്ഞുകേട്ട ഗള്ഫുകാരനെക്കുറിച്ചുള്ള കണ്‍സപ്റ്റ് മനസില്‍ ഉണ്ട്. നല്ല മണമുള്ള പെര്‍ഫ്യൂംസ്, ബദാം, പിസ്ത, ഈന്തപ്പഴം, ടേപ്പ്റെക്കോര്‍ഡര്‍, ഹീറോ പേന ഇതൊക്കെ കൊണ്ടുവരുന്ന ആളായിട്ടാണ് ഗള്‍ഫുകാരന്റെ ചിത്രം മനസിലെത്തുക. നമ്മള് കാണുന്ന ഗള്ഫ്കാര് അങ്ങനെയാണല്ലോ. എനിക്കും ആദ്യം കിട്ടിയ സമ്മാനങ്ങള്‍ ഗള്ഫ്കാര് കൊണ്ടുവന്നതാണ്.
അക്കാലത്ത് കംപ്യൂട്ടര്‍ ഡിപ്ലോമ പഠിച്ച് ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ച ഒരാളാണ് ഞാനും. പ്രത്യേക സാഹചര്യത്തില്‍ മിമിക്രിയിലേക്ക് വന്നതാണ്. പിന്നെ ജീവിത മാര്‍ഗ്ഗംതന്നെ മിമിക്രിയായി മാറുകയായിരുന്നു. അതിലൂടെ പിടിച്ചുനിന്നു. തുച്ഛമായ ശമ്പളത്തില്‍ ജോലിക്ക് പോകുമായിരുന്നു. കൊച്ചിയിലേക്ക് മാറിയപ്പോഴാണ് മിമിക്രിയില്‍ ബേസുണ്ടാകുന്നത്.
ആദ്യമായി വിദേശത്ത് പോയത് ഒരു ഷോയ്ക്കുവേണ്ടിയാണ്. ഒരു മാസം അവിടെ നിന്നു. ഗള്‍ഫ് എന്നുപറയുന്നത് ഇത്രയേയുളളൂ എന്ന് ഒരു മാസംകൊണ്ട് മനസിലായി. എല്ലാ രാജ്യത്തും പലതും കാണാനും ആസ്വദിക്കാനുമുണ്ടെങ്കിലും സ്വന്തം നാടാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത്.
സീരിയല്‍ കാലഘട്ടം?
ഷാജു : 30 സിനിമകളില്‍ നായകതുല്യമായ വേഷം ചെയ്ത വ്യക്തിയാണ് ഞാന്‍. പിന്നീട് പല സിനിമകളിലും പ്രത്യേകിച്ച് ക്യാരക്ടറൊന്നുമില്ലാതെ വേഷങ്ങള്‍ ചെയ്തു. ആത്മസംതൃപ്തി ഇല്ലാതായപ്പോഴാണ് സിനിമ വിട്ട് സീരിയലില്‍ എത്തിയത്. ആദ്യത്തെ സീരിയല്‍ സൂപ്പര്‍ ഹിറ്റായി. പീന്നീടങ്ങോട്ട് സീരിയലിന്റെ കാലമായിരുന്നു. കുറച്ച് നാള് സിനിമ മാറ്റിവച്ച് ഒേര സമയം തന്നെ നാലും അഞ്ചും സീരിയലില്‍ അഭിനയിച്ചു. അതെല്ലാം ഹിറ്റായിരുന്നു. സീരിയല്‍ ആ ദിവസത്തെ ഓര്‍മകള്‍ മാത്രമേയുള്ളൂ. നമ്മുടെ കാലശേഷം നിലനില്‍ക്കുന്ന ഓര്‍മകളൊന്നും ഇല്ല. സീരിയലില്‍ ചെയ്യാവുന്ന എല്ലാ വേഷങ്ങളും ചെയ്തുകഴിഞ്ഞു. അങ്ങനെ അടുത്ത കാലത്ത് വീണ്ടും സിനിമയില്‍ സജീവമായി.
രണ്ട് പെണ്മക്കളുടെ മാതാപിതാക്കളാണ്?
ചാന്ദ്നി : നന്ദനയും നീലാഞ്ജനയും തമ്മില്‍ 10 വയസ് വ്യത്യാസമുണ്ട്. ഷാജു മക്കളോട് കുറച്ചൊക്കെ സ്ട്രിക്ടാണ്. ഞാനാണ് കുറച്ചുകൂടി ഫ്രീയായി ഇടപെടുന്നത്.
ഷാജു : ടിക് ടോക്കിലുടെയാണ് മക്കള്‍ ആദ്യം അറിയപ്പെട്ടത്. ആദ്യം അവര്‍ രണ്ട് പേരുംകൂടി ചെയ്തു. പിന്നെ അതിലവര്‍ എന്നെയും ചേര്‍ത്തു. എനിക്കിതിനെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. പക്ഷേ മക്കള്‍ വളരെ എക്സ്പേര്‍ട്ടായിരുന്നു.
നന്ദന : കോളജില്‍ എന്റെ ഫ്രണ്ട്സൊക്കെ ടിക് ടോക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയാണ് എനിക്കും താല്പര്യം തോന്നിയത്. അച്ഛനെയും കൂട്ടി ചെയ്തപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അച്ഛനും ഞാനും, അനിയത്തിയും ഒരുമിച്ചില്ലാത്തപ്പോള് മറ്റേയാള്‍ എവിടെയെന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങി
ഷാജു: ടിക് ടോക്ക് കണ്ടിട്ടാണ് നീലാഞ്ജനയ്ക്ക് അയ്യപ്പനും കോശിയും സിനിമയില്‍ കോശിയുടെ മകളായി അഭിനയിക്കാന്‍ അവസരം കിട്ടിയത്. നന്ദനയ്ക്കും അഭിനയത്തോട് താല്പര്യമുണ്ടായിരുന്നു ഇപ്പോഴാണ് അവസരം വന്നത്. നന്ദന ചാന്ദ്നിയെപ്പോലെ ഡാന്‍സറാണ്. ക്ലാസിക്കല്‍ ഡാന്‍സിലും മോണോ ആക്ടിലും അവള് സ്റ്റേറ്റ് വിന്നറാണ്. അമ്മ തന്നെയാണ് അവളുടെ ഗുരുവും.
നന്ദന നായികയാവുകയാണ്?
നന്ദന: സ്റ്റാന്‍ഡേര്‍ഡ് 10 ഇ,1999 ബാച്ച് എന്നാണ് ചിത്രത്തിന്റെ പേര്. ജോഷി ജോണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കിളിത്തട്ടുകളിയെ ആസ്പദമാക്കിയുളള സിനിമയാണ്. ഇതിന്റെ ഡയറക്ടര്‍ ജോഷി അങ്കിള്‍ എന്റെ ടിക് ടോക്ക് കണ്ടിട്ട് കുറച്ച് കാലം മുന്‍പ് തന്നെ അച്ഛനോട് ഇക്കാര്യം പറഞ്ഞിരുന്നു. സ്ക്രിപ്റ്റ് വായിച്ചുനോക്കിയപ്പോള്‍ ഇഷ്ടപ്പെട്ടു. അച്ഛനും പറയും സിനിമ എന്താണെന്ന് ഞാന്‍ അറിയട്ടെ എന്ന്.
അച്ഛനും അമ്മയും ആര്‍ട്ടിസ്റ്റായതുകൊണ്ട് അവര്‍ എപ്പോഴും ഞങ്ങള്‍ക്ക് സപ്പോര്‍ട്ടാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ വരുമ്പോഴുള്ള ഗുണങ്ങളും ദോഷങ്ങളും പറഞ്ഞുതന്നിട്ടുണ്ട്. സിനിമ ഫീല്‍ഡില്‍ അച്ഛനും ഡാന്‍സ് ഫീല്‍ഡില്‍ അമ്മയും പ്രമോട്ട് ചെയ്യാറുണ്ട്. ഇപ്പോള്‍ മേഴ്സി കോളജില്‍ ബി.എസ്സ്.സി ബയോടെക്നോളജിക്ക് പഠിക്കുകയാണ് ഞാന്‍. നീലാഞ്ജന അഞ്ചാം ക്ലാസിലും.
കലാ ജീവിതത്തില്‍ പരസ്പരമുള്ള സപ്പോര്‍ട്ട് എങ്ങനെയാണ്?
ഷാജു : ജീവിതത്തിലും തൊഴിലിലും ഒക്കെ സ്വാധീനിച്ചവരില്‍ ഒരാള്‍ ഭാര്യതന്നെയാണ്. തിരിച്ചറിവുണ്ടായി വരുന്നത് അവിടെനിന്നാണ്. സിനിമയും ജീവിതവും കൂട്ടിക്കലര്‍ത്തുന്നത് കുടുംബത്തിലായിരിക്കും. ചാന്ദ്നി: ആര്ട്ടിസ്റ്റായിരുന്നതുകൊണ്ട് സിനിമയിലെ എല്ലാകാര്യങ്ങളും അറിയാം. വിവാഹശേഷം നൃത്തത്തിലേക്ക് തിരിഞ്ഞെങ്കിലും, ഞാന്‍ പറഞ്ഞ് കേട്ട് പുതിയ സിനിമ ഇന്‍ഡസ്ട്രിയും അവള്‍ക്കറിയാം. എന്നില്‍ കുറേ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയതും ചിട്ടയുണ്ടാക്കുന്നതും ചാന്ദ്നിയാണ്.
ചാന്ദ്നി ജോലിയുടെ തിരക്കും വീട്ടിലെ കാര്യങ്ങളും കൂടിക്കുഴയാന്‍ പറ്റില്ല. അതുകൊണ്ട് കഴിയുന്നതും വീട്ടിലെ കാര്യങ്ങള്‍ക്ക് ഞാന്‍ ഷാജുവേട്ടനെ ബുദ്ധിമുട്ടിക്കാറില്ല. പിന്നെ എനിക്ക് വീട്ടില്‍ത്തന്നെ ശ്രീനന്ദന സ്കൂള്‍ ഓഫ് ഡാന്‍സ് എന്നൊരു ഇന്സിസ്റ്റിയൂട്ടുണ്ട്. ഡാന്‍സ്, മ്യൂസിക്, ഡ്രോയിംഗ്, യോഗ അങ്ങനെ എല്ലാം പഠിപ്പിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നും ധാരാളം സ്റ്റുഡന്റ്സ് ഓണ്‍ലൈന്‍ ക്ലാസില്‍ ചേര്‍ന്നിട്ടുണ്ട്.
ചാന്ദ്നി ഇനി എന്നാണ് അഭിനയത്തിലേക്ക്?
ചാന്ദ്നി : മോളുടെ കൂടെ ലൊക്കേഷനില്‍ ചെന്നപ്പോഴൊക്കെ പലരും ചോദിച്ചിരുന്നു ഇനി എന്നാണ് തിരിച്ചുവരവെന്ന്. അഭിനയം ഇപ്പോള്‍ മനസിലില്ല. ഞങ്ങള്‍ രണ്ട് പേരും ഷൂട്ടിംഗിന് പോയാല്‍ ആരാണ് മക്കളെ ശ്രദ്ധിക്കാനുണ്ടാവുക?. വിവാഹത്തിന് മുന്‍പ് നാല് വര്‍ഷമാണ് ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നത്. നടിയാകണമെന്ന് ആഗ്രഹിച്ച് വന്നതല്ല. അവസരം കിട്ടിയപ്പോള്‍ ചെയ്തു. ഇനിയും അഭിനയിക്കാതിരുന്നത് നഷ്ടമായിപ്പോയി എന്നൊന്നും ചിന്തിച്ചിട്ടില്ല. അടിസ്ഥാനപരമായി ഞാന്‍ ക്ലാസിക്കല്‍ ഡാന്‍സറാണ്. അതിനോടായിരുന്നു താല്പര്യം.
ഇനി മക്കള്‍ വളര്‍ന്നുവരട്ടെ. അവരുടെ കാലമാണല്ലോ വരാന്‍ പോകുന്നത്.
ഷെറിങ് പവിത്രന്