പത്ത് കോടി ഇരുചക്ര വാഹന നിർമാണമെന്ന നേട്ടം അടുത്തിടെയാണ് ഹീറോ മോട്ടോകോർപ് കൈവരിച്ചത്. ഇതിന്റെ ഭാഗമായി തങ്ങളുടെ ആറ് മോഡലുകൾക്ക് ഒരു സ്പെഷ്യൽ സെലിബ്രേഷൻ എഡിഷൻ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
പുതിയ റിപ്പോർട്ട് പ്രകാരം എക്സ്ട്രീം 160R-ന്റെ 100 മില്യൺ ലിമിറ്റഡ് എഡിഷൻ ഉടൻ എത്തിയേക്കും. ഈ മോട്ടോർസൈക്കിൾ ഇപ്പോൾ ഹീറോ മോട്ടോകോർപിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇത് ഉടൻ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. എക്സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷൻ ബ്ലാക്ക് ഔട്ട് ഭാഗങ്ങൾക്കൊപ്പം പുതിയ റെഡ്, വൈറ്റ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലായിരിക്കും ഒരുങ്ങുക. ഇത് ഹീറോയുടെ ലോഗോയുടെ കളർ സംയോജനവുമായി പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാന ഹൈലൈറ്റ്.
ചുവന്ന നിറത്തിലാണ് ഫ്രണ്ട് ഫെൻഡർ, ഹെഡ്ലൈറ്റ് മാസ്കിന്റെ ഒരു ഭാഗം, സൈഡ് പാനലുകൾ, ഫ്യുവൽ ടാങ്ക് എക്സ്റ്റൻഷനുകൾ എന്നിവ ഒരുങ്ങുന്നത്. ഫുൾ-എൽഇഡി ലൈറ്റിംഗ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പീസ് സീറ്റ്, സ്മോക്ക്ഡ് ടെയിലാംപ്, ഹസാർഡ് ലൈറ്റുകൾ എന്നിവ ലഭിക്കുന്നു. അതേ 163 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാകും ഈ ബൈക്കിനും കരുത്ത് നൽകുക. ഇത് 8500 rpm-ൽ 15 bhp പവറും 6500 rpm-ൽ 14 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. വെറും 4.7 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഹീറോ എക്സ്ട്രീം 160Rന് സാധിക്കുമെന്നാണ് റിപ്പോർട്ട്.






