ഹൈനെസ് സിബി 350യുടെ സ്പോർട്ടി പതിപ്പ് CB350 RSനെ ഹോണ്ട വിപണിയിലെത്തിച്ചു. ഹോണ്ട CB350 RS ഒരൊറ്റ പതിപ്പിൽ 1.96 ലക്ഷം എക്സ്-ഷോറൂം വിലയുമായാണ് വില്പനക്കെത്തിയിരിക്കുന്നത്. സ്ക്രാംബ്ലർ ടച്ചുള്ള CB350 RS-ന്റെ വില ഹൈനെസ്സ് സിബി 350 DLX പ്രോയെക്കാൾ 3,000 രൂപ കൂടുതലാണ്. ഹൈനെസ്സ് സിബി 350 അടിസ്ഥാനമാക്കിയാണ് ഇതും തയ്യാറാക്കിയിരിക്കുന്നത്. റേഡിയന്റ് റെഡ് മെറ്റാലിക് സിംഗിൾ ടോൺ നിറത്തിലും ബ്ലാക്ക്/ പേൾ സ്പോർട്സ് യെല്ലോ ഡ്യുവൽ ടോൺ നിറത്തിലും മാത്രം ആണ് ഹോണ്ട CB350 RS വിപണിയിലെത്തിയിരുക്കുന്നത്. ഹോണ്ടയുടെ പ്രീമിയം ഡീലർഷിപ്പ് ശ്രേണിയായ ബിഗ് വിങ് വഴിയാണ് CB350 RS വിൽക്കുക.
ഹൈനെസ്സ് സിബി 350-യെക്കാൾ ഭാരം 2 കിലോഗ്രാം കുറവാണ് CB350 RS-ന് (179 കിലോഗ്രാം). ഹൈനെസ്സ് സിബി 350-യെക്കാൾ വ്യത്യസ്തമായ മഡ് ഗാർഡ്, Y-ഷെയ്പ്പിലുള്ള അലോയ് വീലുകൾ, വലിപ്പം കുറഞ്ഞ് വീതിയേറിയ പിൻ ടയർ (150/70-17), റിങ് ഡിസൈൻ കൂട്ടിച്ചേർത്ത എൽഇഡി ഹെഡ്ലാംപ്, റൈഡർക്കും സഹയാത്രികനും വ്യത്യസ്തമായ പാറ്റേർനിലുള്ള സിംഗിൾ പീസ് സീറ്റ്, സീറ്റിനടിയിലായി ഇടം പിടിച്ചിരിക്കുന്ന ടെയിൽ ലാംപ്, വ്യത്യസ്തമായ ടെയിൽ പീസ് CB350 RSൽ ലഭിക്കുന്നു. എഞ്ചിന് മുൻപിലായി ബാഷ് പ്ലെയ്റ്റ്, കുറച്ചു മുകളിലേക്ക് പൊങ്ങി നിൽക്കുന്ന എക്സ്ഹോസ്റ്റ്, മുൻപിൽ ഫോർക് ബൂട്ടുകൾ എന്നിവയാണ് പ്രധാനമായ മാറ്റങ്ങൾ.
348.36 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാണ് ഹോണ്ട CB350 RS-നും. 5,500 ആർപിഎമ്മിൽ 20.5 ബിഎച്ച്പി കരുത്തും 3,000 ആർപിഎമ്മിൽ 30 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ നിർമ്മിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ഈ എൻജിൻ ജോഡിയാക്കിയിരിക്കുന്നത്. ഹോണ്ടയുടെ ട്രാക്ഷൻ കൺട്രോൾ സിസ്റ്റമായ സെലക്ടബിൽ ടോർക്ക് കണ്ട്രോൾ (HSTC), അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് ഫീച്ചറുകളും ഹോണ്ട CB350 RS-ലുമുണ്ട്. ടെലിസ്കോപിക് മുൻ സസ്പെൻഷനും ഡ്യുവൽ സ്പ്രിങ് പിൻ സസ്പെൻഷനുമാണ് ബൈക്കിന്. ബ്രേക്കിംഗ് കൈകാര്യം ചെയ്യാൻ ഡ്യുവൽ ചാനൽ എബിഎസിനൊപ്പം 310 എംഎം ഡിസ്ക് മുൻചക്രത്തിലും പിന്നിൽ 240 എംഎം ഡിസ്കും ലഭ്യമാണ്.






