
ആരും ചെയ്യാത്ത കാര്യമാണ് ടി ജെ ക്ലീമന് എന്ന 12കാരിയായ ഓസ്ട്രേലിയന്‍ പെണ്‍കുട്ടി ചെയ്യുന്നത്. കുട്ടിക്കാലത്ത് ഏത് കുട്ടികളേയും പോലെ പ്രേതങ്ങളെ ഭയമായിരുന്നു ക്ലീമനും. ഈ പേടി മാറാന്‍ ക്ലീമന് ചെയ്തത് ഒരു വ്യത്യസ്ത വഴിയാണ്. തന്റെ നാല് വയസ് മുതല്‍ സെമിത്തേരിയില്‍ പോയി ശവക്കല്ലറകള്‍ വൃത്തിയാക്കാന്‍ തുടങ്ങി. ഇപ്പോള്‍ പ്രേതങ്ങളോടുള്ള പേടി മാറിയെങ്കിലും കല്ലറ വൃത്തിയാക്കുന്ന ജോലി ക്ലീമന് ഇപ്പോഴും ചെയ്യുന്നുണ്ട്.
2012-ലാണ് വടക്കു-കിഴക്കന്‍ ന്യൂ സൗത്ത് വെയില്‍സിലെ ട്വീഡ് ഹെഡ്സിലേയ്ക്ക് ക്ലീമനും കുടുംബവും താമസം മാറിയത്. അവളുടെ വീടിനടുത്തായി 3,500 -ലധികം ശവക്കല്ലറകളുള്ള ഒരു സെമിത്തേരിയുണ്ടായിരുന്നു. അന്ന് അവള്‍ക്ക് വെറും നാലു വയസായിരുന്നു പ്രായം. അവളും ഇളയ സഹോദരന് ഡാഷും രാത്രിയില്‍ ജനാലക്കരികിലെ നിഴലുകള്‍ കാണുമ്പോള്‍ പ്രേതങ്ങളാണെന്ന് കരുതി ഭയന്നിരുന്നു.അവരുടെ ഈ പേടി മാറ്റാന്‍ അമ്മ തബേത അവരെ ശ്മശാനത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോയി. രണ്ട് മക്കളോടും പായല്‍ മൂടി കിടക്കുന്ന കല്ലറ വൃത്തിയാക്കാന്‍ അമ്മ നിര്‍ദേശിച്ചു. രണ്ട് സഹോദരങ്ങളും അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ചു.
''ഞങ്ങള്‍ ആദ്യമായി ഇവിടേയ്ക്ക് താമസം മാറിയപ്പോള്‍ എനിക്ക് വല്ലാത്ത ഭയമായിരുന്നു. പക്ഷേ, ശവക്കല്ലറകള്‍ വൃത്തിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയേ ഉള്ളൂ കാര്യങ്ങള്‍ എന്ന് മനസ്സിലായി. ഇപ്പോള്‍ ഇത് എന്റെ അഭിനിവേശമാണ്, സെമിത്തേരി എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടവും'' - അവള് ഡെയ്ലി മെയില്‍ ഓസ്ട്രേലിയയോട് പറഞ്ഞു. ജീവിതാവസാനം വരെയും ഈ ജോലി തുടര്‍ന്നു കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അവള് പറയുന്നത്.
മകള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ സെമിത്തേരിയില്‍ പോകുമെന്ന് അമ്മ പറയുന്നു. 'ഞങ്ങള്‍ അവളെ തനിച്ച് വിടാറില്ല. അവള് ഒരു മണിക്കൂറോളം ചെലവഴിച്ചാണ് കല്ലറ വൃത്തിയാകുന്നത്. അപ്പോള്‍ ഞങ്ങളും അവളുടെ കൂടെത്തന്നെ ഉണ്ടാകും.
അവള്‍ക്ക് സന്തോഷം നല്കുന്ന കാര്യമാണെങ്കില്‍ അവള് അത് ചെയ്യട്ടെ' - തബേത പറഞ്ഞു. ഓസ്ട്രേലിയ ദിനത്തില്‍ ട്വീഡ് ഷെയറിന്റെ 2020 -ലെ യങ് ആച്ചീവര്‍ ഇന്‍ കമ്മ്യൂണിറ്റി സര്‍വീസ് ( Young Achiever in Community Service) പുരസ്കാരം ക്ലീമന് ലഭിച്ചു.






