
40 വര്‍ഷമായി കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പേരുകളിലൊന്നാണ് ശോഭ കുഞ്ചന്റേത്. സെലിബ്രിറ്റികളുടെയടക്കം സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ശോഭ കുഞ്ചനെന്ന പേരുതന്നെ ഒരു ബ്രാന്‍ഡായി മാറിയിട്ട് കാലങ്ങളേറെയായി.
40 വര്‍ഷമായി ശോഭ കുഞ്ചനെന്ന പേര് ഒരു ബ്രാന്‍ഡ് നെയിം ആയി മാറിയിട്ട്?
ഞാന്‍ എന്റെ ജോലി ആസ്വദിച്ച് ചെയ്യുന്നു. രാവിലെ നാല് മണിക്ക് തുടങ്ങി വൈകിട്ട് ഏഴ് വരെ ജോലിചെയ്യും, ഇപ്പോഴും ഒരു മടുപ്പും തോന്നിയിട്ടില്ല. ഒരോ വധുവും ഒരുപാട് പ്രതീക്ഷയോടെയാണ് എന്റെ അടുത്ത് വരുന്നത്. മേക്കപ്പ് കഴിഞ്ഞ ശേഷം കണ്ണാടിയില്‍ നോക്കി ഞാന്‍ മനസില്‍ വിചാരിച്ചതുപോലെ നിങ്ങള്‍ എന്നെ ഒരുക്കിി എന്ന് അവര്‍ പറയുന്നതാണ് ഇന്നും എന്റെ പ്രചോദനം. അധികം മേക്കപ്പ് ഇട്ടെന്ന് തോന്നരുത് എന്നാണ് മിക്ക കുട്ടികളും പറയുന്നത്. എനിക്കും നാച്ചുറലായി മേക്കപ്പ് ചെയ്യാനാണ് ഇഷ്ടം. ആ നാച്ചുറാലിറ്റി എല്ലാ ബ്രൈഡിലും കൊണ്ടുവരാറുണ്ട്.
ഒരോ പെണ്‍കുട്ടിയേയും ഒരുക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
ഒരിക്കല്‍ മേക്കപ്പ് ചെയ്യാന്‍ പറഞ്ഞിരുന്ന സമയത്തേക്കാള്‍ ഒന്നര മണിക്കൂര്‍ താമസിച്ചാണ് ഒരു പെണ്‍കുട്ടി പാര്‍ലറില്‍ വന്നത്. എന്താണ് താമസിച്ച് വന്നത്, എനിക്ക് മറ്റ് വര്‍ക്കുകള്‍ ഉള്ളതാണെന്നുപറഞ്ഞ് ഞാനവളെ വഴക്കുപറഞ്ഞു. ആ കുട്ടി പൊട്ടിക്കരയാന്‍ തുടങ്ങി. അവള് പറഞ്ഞു, അമ്മ തളര്‍ന്നു കിടക്കുകയാണ് അമ്മയെ കുളിപ്പിച്ച് ഭക്ഷണംകൊടുത്ത് ഒരുക്കണമായിരുന്നു. അതുകൊണ്ടാണ് താമസിച്ചതെന്ന്. അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. അന്ന് തുടങ്ങി ഞാന്‍ ആരെയും വഴക്കുപറയില്ല. പല പ്രശ്നങ്ങളുള്ള വീടുകളില്‍ നിന്നാണ് പലരും വരുന്നത്.
ഓരോ പെണ്‍കുട്ടികളുടേയും നെറ്റിയില്‍ തൊട്ട് പ്രാര്‍ഥിച്ചിട്ടേ മേക്കപ്പിടാന്‍ തുടങ്ങാറുള്ളൂ. മേക്കപ്പ് നന്നാവണമെന്നല്ല, നന്നായി ജീവിക്കാന്‍ അവര്‍ക്ക് സാധിക്കണേ എന്ന്.
ആദ്യം മേക്കപ്പ് ചെയ്തതത് ?
പനമ്പള്ളി നഗറില്‍ പാര്‍ലര്‍ തുടങ്ങുന്നതിന് മുന്‍പ് മൈ ഫെയര്‍ ലേഡി എന്നൊരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്നു. യേശുദാസിന്റെ ഭാര്യയുടെ സഹോദരി നടത്തിക്കൊണ്ടിരുന്ന പാര്‍ലറായിരുന്നു അത്. ദാസേട്ടനായിരുന്നു പാര്‍ലര്‍ ഉത്ഘാടനം ചെയ്തത്. അവിടെ എന്നും തിരക്കായിരുന്നു. 12 കല്യാണ വര്ക്കൊക്കെയുണ്ടാവും ഒരു ദിവസം. ആര്‍ക്കായിരുന്നു ആദ്യം മേക്കപ്പ് ചെയ്തതെന്ന് അതുകൊണ്ട് ഓര്‍മയില്ല. ആ പാര്‍ലറില്‍ ജോലിനോക്കുന്നതിന് മുന്‍പ് താജ് മലബാറിലായിരുന്നു. അത് 40 വര്‍ഷം മുന്‍പാണ്.
ഒരു ചൈനീസ് ലേഡിയായിരുന്നു അവിടുത്തെ മാഡം. അവരില്‍നിന്ന് കുറേ പഠിക്കാന്‍ കഴിഞ്ഞു. മൂന്ന് വര്‍ഷത്തോളം അവിടെ ജോലിചെയ്തു. പക്ഷേ എന്റെ കല്യാണത്തിന് ഒരുക്കിയത് എന്റെ സഹോദരിയും ബ്യൂട്ടീഷ്യനുമായ ബീനയാണ്.
പനമ്പള്ളി നഗറില്‍ പാര്‍ലര്‍ തുടങ്ങിയത്?
പനമ്പള്ളി നഗറില്‍ ആദ്യമായി റസിഡന്‍സില്‍ ഒരു ബിസിനസ് തുടങ്ങിയത് ഞാനാണ്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിവ് ഇന്‍ സ്റ്റൈല്‍ എന്ന ബ്യൂട്ടി പാര്‍ലര്‍. വിവാഹശേഷം ചേട്ടന് എന്നെ ഇന്റര്‍നാഷണല്‍ വാലിഡിറ്റിയുളള സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഡല്‍ഹിയില്‍ പഠിക്കാനയച്ചു. കോഴ്സ് കഴിഞ്ഞ് തിരിച്ച് വന്നിട്ടാണ് പാര്‍ലര്‍ തുടങ്ങിയത്. അതിന് ശേഷം എന്റെ ഷോപ്പിന് ചുറ്റും നിറയെ പാര്‍ലറുകള്‍ വന്നു.
ആദ്യം ഒരുക്കിയ സെലിബ്രിറ്റി?
ഉണ്ണിമേരിയെയാണ് ആദ്യമായി ഒരുക്കിയത്. അവള്‍ക്ക് വളരെ സൗന്ദര്യമുള്ള മുഖമാണ്. നാച്ചുറല്‍ മേക്കപ്പാക്കെ ചെയ്ത് അവളെ സുന്ദരിയാക്കിയത് ഇപ്പോഴും ഓര്‍മയുണ്ട്. ഉണ്ണിമേരിയുടെ മകന്റെ ഭാര്യയേയും ഞാന്‍ തന്നെയാണ് ഒരുക്കിയത്.
മേക്കപ്പിലെ പുതിയ ട്രെന്‍ഡ് എന്തൊക്കെയാണ്?
ട്രെഡീഷണലായ മേക്കപ്പ് ഇപ്പോള്‍ ആരും തിരഞ്ഞെടുക്കാറില്ല. കുറച്ച് ട്രെന്‍ഡിയായിട്ടുള്ള മേക്കപ്പാണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം. മെസ്സി ആന്‍ഡ് നീറ്റ് ലുക്ക് എന്നു പറയുന്നതുപോലെ. അലസമായ ഹെയര്‍ സ്റ്റൈല്‍ എന്നാല്‍ നീറ്റായുള്ള മേക്കപ്പ് അങ്ങനെ. ഐ മേക്കപ്പ് മുന്‍പത്തേതിനെ അപേക്ഷിച്ച് ബോള്‍ഡ് ലുക്ക് ഉള്ളതാണ്. ഐ ലാഷസ് മസ്റ്റാണ്. കുറച്ച് എടുപ്പുളളവ തന്നെ അതിനായി ഉപയോഗിക്കണം. ഐ ലാഷസ് ബോംബെയില്‍ നിന്ന് ഞാന്‍ സ്റ്റോക്കായി വാങ്ങി വച്ചിരിക്കുകയാണ്. പല സൈസിലുള്ളത് കിട്ടും. അത് കട്ട് ചെയ്ത് വേണം കണ്ണില്‍ ഒട്ടിക്കാന്‍.
അല്‍പ്പം ഗോള്‍ഡ് ഗ്ലിറ്ററൊക്കെ ഇട്ട് കൊടുക്കുകയാണെങ്കില്‍ നല്ല ലുക്ക് കിട്ടും. കണ്ണുകള്‍ പോലെ തന്നെ ബോള്‍ഡായിട്ടുള്ള ഐബ്രോസ് കൊടുക്കണം. കട്ടിയായി വേണം ചെയ്യാന്‍. ബ്രൗണും ബ്ലാക്കും കൂടി മിക്സ് ചെയ്ത് വീതിയില്‍ ബ്രോസ് സെറ്റ് ചെയ്യാം. അതുപോലെ കണ്ണ് ബോള്‍ഡാകുമ്പോള്‍ ചുണ്ടുകള്‍ അല്‍പ്പം ന്യൂഡായി ചെയ്യാം. അപ്പോഴാണ് നാച്ചുറല്‍ ലുക്ക് വരുന്നത്.
കോണ്ടോറിങ് മേക്കപ്പ് ഇപ്പോള്‍ മസ്റ്റാണ്. ഉള്ള ഫീച്ചേഴ്സൊക്കെ കുറച്ചുകൂടി എടുത്തുകാണിക്കാന്‍ കോണ്ടോറിങ് ചെയ്യാം. മൂക്ക്, കവിളുകള്‍ ഇവയൊക്കെ കട്ട് ചെയ്യാനും അവയുടെ ഭംഗി എടുത്തറിയുംവിധം മനോഹരമാക്കാനും ഡബിള്‍ ചിന് കട്ട് ചെയ്യാനും കോണ്ടോറിങിന് കഴിയും.
Huda beauty, MAC, Body ground. Krylon ന്റെ അഡ്വാന്സ്ഡായുള്ള പ്രോഡക്ടായ Derma ഇതൊക്കെയാണ് എന്റെ ഇഷ്ടപ്പെട്ട പ്രോഡക്ടുകള്‍. കേരളത്തിലെ കാലാവസ്ഥ വ്യത്യസ്തമായതുകൊണ്ടുതന്നെ നന്നായി വിയര്‍ക്കും. സാധാരണ മേക്കപ്പ് ചെയ്താല്‍ നില്‍ക്കില്ല. ലോങ് സ്റ്റേ വാട്ടര്‍ പ്രൂഫ് മേക്കപ്പ് തന്നെ വേണം. വിയര്‍ത്താലും മേക്കപ്പ് പോവില്ല എന്നതാണ് പ്രത്യേകത. ഒരു ടിഷ്യു പേപ്പര്‍ കൊണ്ട് വിയര്‍പ്പ് ഒപ്പിയെടുക്കാം.
ഭര്‍ത്താവിന്റെ പിന്തുണ?
കുഞ്ചന്‍ എന്ന വ്യക്തി എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും എനിക്കിത്ര ഉയര്ച്ചയുണ്ടാകുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോള്‍ സുലുവും മമ്മൂട്ടിയും അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അന്നുതുടങ്ങിയുള്ള പരിചയമാണ് അവരുമായിട്ട്. ഇപ്പോഴും സുലു എന്റെ പാര്‍ലറിലാണ് വരുന്നത്. മമ്മൂട്ടിയുടെ മകള്‍ സുറുമിയേയും ദുല്‍ഖറിന്റെ ഭാര്യയേയും ഞാനാണ് ഒരുക്കിയത്. അങ്ങനെ ഒരുപാട് ഫിലിം സ്റ്റാറുകളെ ചേട്ടന് പരിചയപ്പെടുത്തി. അവരെല്ലാം കുഞ്ചന്റെ പാര്‍ലര്‍ എന്നുള്ള പരിഗണനതന്നിട്ടുണ്ട്. ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഇപ്പോഴും കഴിയുന്നുണ്ട്. എന്റെ രണ്ട് പെണ്മക്കളും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ്.
ഷെറിങ് പവിത്രന്