
ടാറ്റ മോട്ടോഴ്സിന്റെ ഐതിഹാസിക എസ്.യു.വി. മോഡലായ സഫാരി ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതുതലമുറ സഫാരിക്ക് 14.69 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ് കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്.
ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തി. ഗ്രാവിറ്റാസ് എന്ന പേരിലാണ് സഫാരിയുടെ കണ്‍സെപ്റ്റ് ടാറ്റ മോട്ടോഴ്സ് 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ 30,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി സഫാരിയുടെ ബുക്കിങ്ങ് ടാറ്റയുടെ ഡീലര്‍ഷിപ്പുകളില്‍ തുടങ്ങിയിരുന്നു. ടാറ്റ മോട്ടോർസ് നിരയിലെ പ്രധാന എസ്യുവിയായ ഹാരിയറിന്റെ 7 സീറ്റർ വകഭേദമാണ് യഥാർത്ഥത്തിൽ പുത്തൻ സഫാരി. 2021 സഫാരിയെ വ്യത്യസ്തമാക്കുന്നത് ക്രോമിൽ പൊതിഞ്ഞ ടാറ്റായുടെ ട്രൈ-ആരോ ഷെയ്പ്പിലുള്ള ഗ്രിൽ, സഫാരി എന്നെഴുതിയ ക്രോം ഡീറ്റൈലിങ്ങുള്ള റൂഫ് റെയിൽ എന്നിവയാണ് .
റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക. ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയിൽ നൽകിയിരിക്കുന്നു. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ ഹൃദയം. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.






