ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് ക്രെറ്റയുടെ 7 സീറ്റർ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇപ്പോളിതാ ഒരു വർഷത്തിന് ശേഷം ഹ്യൂണ്ടായ് പുത്തൻ 7 സീറ്റർ എസ്യുവിയുടെ വരവ് സ്ഥിരീകരിച്ചു. അൽകാസർ എന്നാണ് ഈ എസ്യുവിയുടെ പേര്.
അൽകാസർ എന്ന പേര് ഉപയോഗിക്കാനുള്ള അവകാശത്തിനായി 2020 ഏപ്രിൽ 13-ന് ഹ്യുണ്ടായ് അപേക്ഷ സമർപ്പിച്ചിരുന്നു. ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന അൽകാസർ എസ്യുവി ആദ്യം വില്പനക്കെത്തുന്ന വിപണി ഇന്ത്യ ആയിരിക്കുമെന്നാണ് സൂചന. 2021 ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയാണ് എതിരാളികൾ. മധ്യകാലഘട്ടത്തിലെ ഒരു തരം മൂറിഷ് കോട്ട അല്ലെങ്കിൽ കൊട്ടാരത്തിന്റെ പേരാണ് അൽകാസർ.ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വിശാലവും, ദൃഢതയും കൈമുതലായ അൽകാസർ എസ്യുവി ഒരുങ്ങുന്നതെന്ന് ഹ്യൂണ്ടായ് അവകാശപ്പടുന്നു.
ഹ്യൂണ്ടായ് അൽകാസറിലും 113 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ, 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നീ എൻജിനുകൾ തന്നെയാവും ലഭിക്കുക. എംജി ഹെക്ടറും (5 സീറ്റർ), ഹെക്ടർ പ്ലസും (7 സീറ്റർ) പോലെയാണ് അൽകാസറിന്റെയും വരവും. ക്രെറ്റയിൽ നിന്നും വ്യത്യസ്തമായ വലിപ്പം കൂടിയ ഗ്രിൽ, നീളം കൂടിയ ബോഡി പാനലുകൾ, റീഡിസൈൻ ചെയ്ത ടെയിൽ ലാമ്പും, പിൻ ബമ്പറുകളും അൽകാസറിൽ ഉൾപ്പെടും. അൽകാസറിന് നീളവും കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ട്.






