ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ-കൊമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോണ്‍ ഇന്ത്യയും ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക്കും സഹകരണം പ്രഖ്യാപിച്ചു. റിപ്പോർട്ട് അനുസരിച്ച് അമസോണ്‍ ഡെലിവറി വാഹന വിഭാഗത്തിലേക്ക് 10,000 ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനായാണ് ഇരു കമ്പനികളും സഹകരിക്കുന്നത്.
2025-ഓടെ ഇന്ത്യയില്‍ ഡെലിവറിക്കായി 10,000 ഇലക്ട്രിക് വാഹനങ്ങള്‍ സജ്ജമാക്കുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. 2030-ഓടെ ഒരു ലക്ഷം ഇലക്ട്രിക് ഡെലിവറി വാഹനങ്ങള്‍ എന്ന വലിയ ലക്ഷ്യവുമായുള്ള പ്രവര്‍ത്തനത്തിലാണ് ആമസോണ്‍ എന്നാണ് റിപ്പോർട്ട്. മഹീന്ദ്രയുടെ സഹകരണത്തോടെ ആയിരിക്കും ഈ വാഹനങ്ങള്‍ എത്തുക.
ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍, ലക്നൗ എന്നിവിടങ്ങളില്‍ മഹീന്ദ്രയുടെ ട്രിയോ സോര്‍ എന്ന ഇലക്ട്രിക് മോഡല്‍ ഡെലിവറിക്കായി ഒരുക്കാനാണ് ആമസോണ്‍ പദ്ധതി. തുടർന്ന് മറ്റ് നഗരങ്ങളിലേക്കും ഇലക്ട്രിക് വാഹനമെത്തിക്കുമെന്നാണ് സൂചന. 2020 ഒക്ടോബറിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് ഗുഡ്സ് വാഹനമാണ് ട്രിയോ സോര്‍ അവതരിപ്പിക്കുന്നത്.






