
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചിനാബ് നദിക്ക് കുറുകെയാണ് ഈ പാലം പണിതിരിക്കുന്നത്. കശ്മീരിനെ മറ്റുസംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
1250 കോടിയാണ് ഇതിന്റെ നിർമ്മാണച്ചിലവ്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പാലം പണി ആരംഭിച്ചത്. നദീനിരപ്പിൽ നിന്ന് 359 മീറ്ററാണ് ഇതിന്റെ പരമാവധി ഉയരം. അതായത് പാരീസിലെ ഈഫൽ ഗോപുരത്തേക്കാൾ 35 മീറ്റർ കൂടുതൽ.
പാലത്തിന്റെ ചിത്രങ്ങൾ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പുറത്തുവിട്ടു. പാലം പൂർത്തിയാകുന്നതോടെ റെയിൽവേ മന്ത്രാലയം സാങ്കേതികവികസനത്തിൽ മറ്റൊരു നാഴിക്കകല്ല് പിന്നിടുമെന്ന് ഗോയൽ അഭിപ്രായപ്പെട്ടു.
തീവ്രത എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളും സ്ഫോടനങ്ങളും നേരിടാൻ പാലത്തിന് കഴിയുമെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.






