എപ്രിലിയ ആർഎസ് 660, റ്റ്യൂണോ 660 ഇരട്ടകളെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുകയാണ് പിയാജിയോ. പുത്തൻ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചതായി പിയാജിയോ ഇന്ത്യ സിഇഓയും മാനേജിങ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി വ്യക്തമാക്കി. Autocar India-യുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ ബൈക്കുകൾ യൂറോപ്യൻ വിപണിയിൽ നിന്നും ഇറക്കുമതി ചെയ്യും എന്നും ഉപഭോക്താക്കളുടെ താല്പര്യം എങ്ങനെ എന്നറിയാൻ എപ്രിലിയ ആർഎസ് 660, റ്റ്യൂണോ 660 ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചതായും ഡീഗോ ഗ്രാഫി വ്യക്തമാക്കിയത്.
പുതിയ എപ്രിലിയ ബൈക്കുകൾ 660 സിസി സൂപ്പർസ്പോർട്ട് സെഗ്മെന്റിലേക്കാണ് എത്തുന്നത്. എപ്രിലിയ ആർഎസ് 660 ഒരു ഫുൾ-ഫെയേർഡ് ബൈക്ക് ആണ്. ഇരട്ട ഫുൾ എൽഇഡി ഹെഡ്ലാംപുകൾ, അഗ്രെസ്സിവ് ആയ ഫെയറിങ്, ബോഡി പാർട്സുകൾ കുറഞ്ഞ പിൻ ഭാഗം എന്നിവ ലഭിക്കുന്നു. ഈ ഫീച്ചറുകൾ RSV4 സൂപ്പർബൈക്കിന്റെ കുഞ്ഞനുജൻ ലുക്ക് ആണ് എപ്രിലിയ ആർഎസ് 660-യ്ക്ക് നൽകുന്നത്. എപ്രിലിയ റ്റ്യൂണോ 660 സെമി-ഫെയറിങ്ങുള്ള മോഡൽ ആണ്. എപ്രിലിയ ആർഎസ് 660-ന് ഏകദേശം സമാനമാണ് റ്റ്യൂണോ 660.
ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കുന്ന ട്രയംഫ് ട്രൈഡന്റ് 660 ആവും റ്റ്യൂണോ 660-യുടെ എതിരാളി. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ, കാവസാക്കി നിഞ്ജ 650, ഉടൻ വില്പനക്കെത്തുന്ന ഹോണ്ട സിബി650ആർ എന്നിവയാണ് എപ്രിലിയ ആർഎസ് 660-യുടെ എതിരാളികൾ. ഇരു ബൈക്കുകൾക്കും 270 ഡിഗ്രി ഫയറിംഗ് ഓർഡറുള്ള 659 സിസി, ലിക്വിഡ്-കൂൾഡ് എൻജിനാണ് ലഭിക്കുന്നത്. 10,500 ആർപിഎമ്മിൽ 100 ബിഎച്ച്പി പവറും 8,500 ആർപിഎമ്മിൽ 67 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. ക്രമീകരിക്കാവുന്ന വീലി കണ്ട്രോൾ, മൂന്ന്-ലെവൽ കോർണേറിങ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, 6-ആക്സിസ് ഐഎംയു എന്നിവയാണ് പ്രധാന ഫീച്ചറുകൾ.






