
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു ശേഷം രാജ്യം വിട്ട നിരവ് മോഡിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതി സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെ നിരവിനെ സ്വീകരിക്കാന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയില്‍ ഒരുങ്ങി. നിരവിനായി ജയിലില്‍ പ്രത്യേക സെല്‍ തയ്യാറാക്കുകയാണ്. ബാരക് നമ്പര്‍ 12ലെ മൂന്ന് സെല്ലുകളില്‍ ഒന്നിലായിരിക്കും അദ്ദേഹത്തെ പാര്‍പ്പിക്കുകയെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലിലെ ഏറ്റവും സുരക്ഷയുള്ള ബാരക് ആണ് 12ാം നമ്പര്‍.
ഇന്ത്യയ്ക്ക്് വിട്ടുകൊടുക്കുന്നതിനെതിരെ രണ്ടര വര്‍ഷം നീണ്ട നിയമ പോരാട്ടമാണ് നിരവ് മോഡി ലണ്ടനിലെ കോടതിയില്‍ നടത്തിയത്. 2019 മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നിരവിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ ചെന്നാല്‍ നീതിപൂര്‍വ്വമായ വിചാരണ ലഭിക്കില്ലെന്നായിരുന്നു നിരവിന്റെ വാദം. ഇത് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു.
നിരവിനെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ അടക്കം കാണിച്ച് കേന്ദ്രസര്‍ക്കാര്‍ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.






