
ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഈ മാസം 22നാണ് 2021 സഫാരി അവതരിപ്പിച്ചത്. പുത്തൻ സഫാരിയുടെ ഡെലിവെറിയും കഴിഞ്ഞ ദിവസം ടാറ്റ മോട്ടോർസ് ആരംഭിച്ചു. പുത്തൻ എസ്യുവിയുടെ ആദ്യ ഉടമ പഞ്ചാബി നടനും, ഗായകനും, സംവിധായകനുമായ പർമിഷ് വെർമ്മയാണ്. പർമിഷ് വെർമ്മ ചണ്ഡീഗഡിലെ ഡീലർഷിപ്പിൽ നിന്നും ഏറ്റവും ഉയർന്ന XZA+ ഓട്ടോമാറ്റിക് പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയത്. ദിൽ ഡിയാൻ ഗല്ലൻ, റോക്കി മെന്റൽ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ പർമിഷ് കഴിഞ്ഞ തലമുറ സഫാരി എസ്യുവികളും സ്വന്തമാക്കിയിട്ടുണ്ട്.
പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ് കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്. പുതുതലമുറ സഫാരിക്ക് 14.69 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക.
ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയിൽ നൽകിയിരിക്കുന്നു. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ ഹൃദയം. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.






