
ലോസ്ആഞ്ചലസ് : പ്രശസ്ത പോപ് താരം ലേഡി ഗാഗയുടെ മോഷണം പോയ വളർത്തു നായ്ക്കളെ കണ്ടെത്തി നൽകിയ സ്ത്രീക്ക് പ്രതിഫലം അഞ്ചു ലക്ഷം ഡോളർ (മൂന്നര കോടി രൂപ) നൽകും.
ലേഡി ഗാഗയുടെ ഫ്രഞ്ച്ബുൾഡോഗ് ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. തുടർന്നാണ് കണ്ടെത്തി നൽകുന്നവർക്ക് വൻതുക വാഗ്ദാനം ചെയ്തത്. പ്രദേശവാസിയായ ഒരു യുവതിയാണ് മോഷണം പോയ നായ്ക്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
നായ്ക്കളെ പരിചരിക്കുന്ന റയാൻ ഫിഷർ എന്ന യുവാവ് കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ മൂന്ന് നായ്ക്കളുമായി നടക്കാനിറങ്ങിയപ്പോഴാണ് അജ്ഞാതസംഘം നായ്ക്കളെ തട്ടിക്കൊണ്ടുപോയത്. റയാനെ വെടിവച്ചിട്ട ശേഷം സംഘം മൂന്ന് നായ്ക്കളെയും തട്ടിയെടുക്കുകയായിരുന്നു. ഒരു നായ ഇവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതിനെ പിന്നീട് പോലീസ് കണ്ടെത്തി തിരികെ ഏൽപ്പിച്ചിരുന്നു.






