
കോട്ടയം: കാഞ്ഞിരപ്പള്ളിയെന്നാണു പേരെങ്കിലും പഴയ വാഴൂരാണു യഥാര്‍ഥത്തില്‍ കാഞ്ഞിരപ്പള്ളി.
വാഴൂരിനോടു ചില പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ പേരു മാറിയെന്നു മാത്രം. സംസ്ഥാന രാഷ്ട്രീയത്തില്‍ പേരു കേട്ട പലരും പയറ്റിത്തെളിഞ്ഞ മണ്ഡലമായിരുന്നു പഴയ വാഴൂര്‍. പി.ടി. ചാക്കോയും കാനം രാജേന്ദ്രനും കെ. നാരായണ കുറുപ്പുമൊക്കെ പ്രതിനിധീകരിച്ച മണ്ഡലം. പേരു മാറിയെങ്കിലും വാഴൂരിന്റെ സ്വഭവമാണു മണ്ഡലത്തിനിപ്പോഴുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയും. എന്‍.എസ്.എസ്, ക്രൈസ്തവ വോട്ടുകള്‍ക്കു നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ്.
1957ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ എന്‍. രാഘവകുറുപ്പിനെ 80 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയായിരുന്നു ചാക്കോയുടെ മണ്ഡലത്തിലെ ആദ്യ വിജയി. കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണത്തിനു പിന്നീട് പി.ടി. ചാക്കോ കാരണ ഭൂതനായതും, പിന്നീടുള്ള പല തെരഞ്ഞെടുപ്പുകളിലും മണ്ഡലം കേരളാ കോണ്‍ഗ്രസിനോട് ഒട്ടിനിന്നതും ചരിത്രം.
മണ്ഡല പുനര്‍ നിര്‍ണയത്തോടെ 2011ലാണ് ഇന്നത്തെ രൂപത്തിലുള്ള കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം രൂപീകൃതമാകുന്നത്. പഴയ വാഴൂര്‍ മണ്ഡലത്തിലെ ചിറക്കടവ്, വാഴൂര്‍, വെള്ളാവൂര്‍, കറുകച്ചാല്‍, കങ്ങഴ, നെടുങ്കുന്നം എന്നിവയും പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളും പുതുപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന പള്ളിക്കത്തോടും ഉള്‍പ്പെടുത്തിയായിരുന്നു കാഞ്ഞിരപ്പള്ളിയുടെ മുഖംമാറ്റം. ഒമ്പതു പഞ്ചായത്തുകളില്‍ ഏഴിലും നിലവില്‍ എല്‍.ഡി.എഫ്. ഭരണമാണ്. പള്ളിക്കത്തോട് പഞ്ചായത്ത് ബി.ജെ.പിയും നെടുങ്കുന്നം പഞ്ചായത്ത് യു.ഡി.എഫും ഭരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ ബഹു ഭൂരിപക്ഷം വാര്‍ഡുകളിലും എല്‍.ഡി.എഫിനായിരുന്നു വിജയം. എല്‍.ഡി.എഫ്. 77 വാര്‍ഡുകളിലും യു.ഡി.എഫ്. 35 വാര്‍ഡുകളിലും എന്‍.ഡി.എ. 20 വാര്‍ഡുകളിലും സ്വതന്ത്രര്‍ 14 വാര്‍ഡുകളിലുമാണു വിജയിച്ചത്. കേരളാ കോണ്‍ഗ്രസ് സ്ഥാപാകാംഗമായിരുന്നു പ്രഫ. കെ. നാരായണകുറുപ്പ് ആറ് തവണയും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രണ്ടുതവണയും വാഴൂരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നാരായണ കുറുപ്പിന്റെ പിന്‍ഗാമിയായെത്തിയ മകന് എന്‍. ജയരാജ് പിന്നീട് മണ്ഡല ത്തിന്റെ മനസ് സ്വന്തമാക്കി. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടിയ എന്‍. ജയരാജ് 2006ല്‍ കാനം രാജേന്ദ്രനെ 6,666 വോട്ടുകള്‍ക്കും 2011ല്‍ അഡ്വ. സുരേഷ് ടി. നായരെ 12,206 വോട്ടിനും 2016ല്‍ അഡ്വ. വി.ബി. ബിനുവിനെ 3890 വോട്ടുകള്‍ക്കുമാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ നേടി ബി.ജെ.പിയും ശക്തമായ മത്സരമാണ് ഇവിടെ കാഴ്ചവച്ചത്. ബി.ജെ.പിയുടെ കണക്കില്‍ ജില്ലയിലെ ഏക എ ക്ലാസ് മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.



