
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ മൂന്നാം തലമുറ i20 പ്രീമിയം ഹാച്ച്ബാക്ക് ഇത്തവണത്തെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ (2021) പുരസ്കാരം സ്വന്തമാക്കി. കഴിഞ്ഞ വർഷം നവംബറിൽ ആണ് മൂന്നാം തലമുറ i20 വിപണിയിൽ എത്തിച്ചത്. അവസാന റൗണ്ടിൽ 91 പോയിന്റ് നേടിയ കിയയുടെ കോംപാക്ട് എസ്യുവിയെയും 78 പോയിന്റ് നേടിയ മഹിന്ദ്രയുടെ പുതിയ തലമുറ ഥാറിനെയും പിന്നിലാക്കിയാണ് 104 പോയിന്റുമായി ഹ്യുണ്ടേയ് i20 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ' പട്ടം നേടിയത്.
ഇന്ത്യൻ കാർ ഓഫ് ദി ഇയർ പട്ടത്തിനായി ഹ്യുണ്ടേയ് ഓറ, ഹ്യുണ്ടേയ് ക്രെറ്റ, ഹോണ്ട സിറ്റി, ഹ്യുണ്ടേയ് i20, കിയ കാർണിവൽ, കിയ സോണറ്റ്, 2020 മഹീന്ദ്ര ഥാർ, എംജി ഗ്ലോസ്റ്റർ, ടാറ്റ അൽട്രോസ് എന്നീ കാറുകയാണ് മത്സരിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ വിപണിയിലെത്തിയ ടാറ്റ നെക്സോൺ ഇവി ഇലക്ട്രിക്ക് ഹൈബ്രിഡ് കാറുകൾക്കൾക്കുള്ള ഗ്രീൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി.
ടാറ്റ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് സ്പോർട്സ് യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ ഡിഫൻഡർ ആണ് ലക്ഷ്വറി വാഹനങ്ങൾക്കായി തയ്യാറാക്കിയ പ്രീമിയം കാർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്. 108 പോയിന്റ് ആണ് ഡിഫൻഡർ നേടിയത്. 77 പോയിന്റുമായി മെഴ്സിഡസ്-ബെൻസ് ജിഎൽഇ രണ്ടാം സ്ഥാനം നേടി. 61 പോയിന്റ് നേടിയ ബിഎംഡബ്ല്യു 2 സീരിസിനാണ് മൂന്നാം സ്ഥാനത്ത് എത്തി.






