
മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മുംബൈ കോടതി. കേസില്‍ കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി ഒന്നിന് അന്ധേരി മെട്രോ പൊളിറ്റന്‍ കോടതിയില്‍ നിന്നാണ് സമന്‍സ് അയക്കുന്നത്. മാര്‍ച്ച് ഒന്നിന് ഹാജരാകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും കങ്കണ ഹാജരായില്ല. തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിക്കുന്നത്.
സമന്‍സ് അയച്ച നടപടി ചട്ടപ്രകാരമല്ലെന്നാണ് കങ്കണയുടെ അഭിഭാഷകന് വാദിക്കുന്നത്. മജിസ്ട്രേറ്റ് കോോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന് റിസ്വാന് സിദ്ധിഖി അറിയിച്ചു. എന്നാല്‍ ജാമ്യം ലഭിക്കാത്ത അറസ്റ്റ് വാറന്റ് നല്‍കണമെന്നാണ് ജാവേദ് അക്തറുടെ അഭിഭാഷക കോടതിയോട് ആവശ്യപ്പെട്ടതെങ്കിലും നടിയുടെ അഭിഭാഷകന് ഇതിനെ എതിര്‍ത്തതോടെയാണ് ജാമ്യം ലഭിക്കുന്ന വാറന്റ് പുറപ്പെടുവിച്ചത്.
ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നാണ് ജാവേദ് അക്തറിന്റെ പരാതി. കേസ് ഈ മാസം 26-ന് വീണ്ടും പരിഗണിക്കും.






