
എക്സ്ട്രീം 160R നേക്കഡ് ബൈക്കിന്റെ 100 മില്യൺ ലിമിറ്റഡ് എഡിഷൻ പതിപ്പിന്റെ വില പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. 1,08,750 രൂപയാണ് പുതിയ വേരിയന്റിന്റെ വില. പത്ത് കോടി ഇരുചക്ര വാഹന നിർമാണമെന്ന നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഹീറോ ഈ മോഡൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
സിംഗിൾ ഡിസ്ക്, ഡബിൾ ഡിസ്ക് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സ്പെഷ്യൽ എഡിഷന് ഏകദേശം 1800 രൂപ മുതൽ 4850 രൂപ വരെ വില കൂടും. എക്സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷൻ ബ്ലാക്ക് ഔട്ട് ഭാഗങ്ങൾക്കൊപ്പം പുതിയ റെഡ്, വൈറ്റ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലായിരിക്കും ഒരുങ്ങുക. ഇത് ഹീറോയുടെ ലോഗോയുടെ കളർ സംയോജനവുമായി പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാന ഹൈലൈറ്റ്.
അതേ 163 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാകും ഈ ബൈക്കിനും കരുത്ത് നൽകുക. ഇത് 8500 rpm-ൽ 15 bhp പവറും 6500 rpm-ൽ 14 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. വെറും 4.7 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഹീറോ എക്സ്ട്രീം 160Rന് സാധിക്കുമെന്നാണ് റിപ്പോർട്ട്. ചുവന്ന നിറത്തിലാണ് ഫ്രണ്ട് ഫെൻഡർ, ഹെഡ്ലൈറ്റ് മാസ്കിന്റെ ഒരു ഭാഗം, സൈഡ് പാനലുകൾ, ഫ്യുവൽ ടാങ്ക് എക്സ്റ്റൻഷനുകൾ എന്നിവ ഒരുങ്ങുന്നത്. ഫുൾ-എൽഇഡി ലൈറ്റിംഗ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പീസ് സീറ്റ്, സ്മോക്ക്ഡ് ടെയിലാംപ്, ഹസാർഡ് ലൈറ്റുകൾ എന്നിവ ലഭിക്കുന്നു.






