
കഴിഞ്ഞ മാസം അഞ്ചാം തിയതിയാണ് സുസുക്കി പുത്തൻ ഹയാബൂസയെ അവതരിപ്പിച്ചത്. പുതിയ റിപ്പോർട്ട് പ്രകാരം സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2021 ഹയാബൂസയെ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. സമൂഹ മാധ്യമ പേജുകളിൽ ടീസർ ചിത്രം പോസ്റ്റ് ചെയ്താണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ഹയാബൂസയുടെ വരവ് വ്യക്തമാക്കിയത്. കൂടുതൽ ഇലക്ട്രോണിക്സ് പാക്കേജുകൾ, കൂടുതൽ ഷാർപ്പ് ആയ ബോഡി പാനലുകൾ, മുന്തിയ ബൈക്ക് ഘടകങ്ങൾ എന്നിവ സഹിതം കിടിലൻ ലുക്കിലാണ് പുത്തൻ ഹയാബൂസ അവതരിപ്പിച്ചിരിക്കുന്നത്.
പുത്തൻ ഹയാബൂസയ്ക്കും 1,340 സിസി, ലിക്വിഡ്-കൂൾഡ്, ഡിഎഎച്ച്സി, 16-വാൽവ്, ഇൻ-ലൈൻ 4 സിലിണ്ടർ എൻജിൻ തന്നെയാണ് നൽകിയിരിക്കുന്നത്. എൻജിന്റെ ഔട്പുട്ട് 10 എച്പിയും ടോർക്ക് 5 എൻഎമ്മും കുറഞ്ഞു. പുത്തൻ എൻജിൻ 9,700 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 150 എൻഎം ടോർക്കുമാണ് നിർമ്മിക്കുന്നത്. മണിക്കൂറിൽ 299 കിലോമീറ്റർ ടോപ് സ്പീഡ് ആയി തുടരുന്നു. 2 കിലോഗ്രാം ഭാരം കുറഞ്ഞ് 264 കിലോഗ്രാം ആണ് പുത്തൻ പതിപ്പിന്റെ ഭാരം എന്നാണ് സൂചന.
ആന്റി-ലിഫ്റ്റ് കൺട്രോൾ സിസ്റ്റം, മോഷൻ ട്രാക്ക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, പവർ മോഡ് സെലക്ടർ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം എന്നിവയുള്ള സുസുക്കി ഡ്രൈവ് മോഡ് സെലക്ടർ ആൽഫ (എസ്ഡിഎംഎസ്-എ) ഇലക്ട്രോണിക്സ് പാക്കേജും പുത്തൻ പതിപ്പിൽ ഉൾപ്പെടുന്നു. മൂന്ന് ഫാക്ടറി പ്രീസെറ്റുകളും മൂന്ന് റൈഡർ ക്രമീകരണങ്ങളും ഇതിൽ സെറ്റ് ചെയ്യാം.10 ലെവൽ ഇന്റെർവെൻഷനും 3-മോഡ് പവർ മോഡ് സെലക്ടറും ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന് ചേർത്തിട്ടുണ്ട്.






