
ജിയോണീ പുതുതായി മാക്സ് പ്രോ സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചു. ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിലേക്കാണ് ഈ ഫോണും എത്തുന്നത്. 3 ജിബി റാമും 32 ജിബി ഓൺബോർഡ് മെമ്മറിയുമുള്ള ജിയോണീ മാക്സ് പ്രോയ്ക്ക് 6,999 രൂപയാണ് വില. ജിയോണീ മാക്സ് പ്രോയുടെ വില്പന ഫ്ലിപ്കാർട്ട് മുഖേന മാർച്ച് എട്ടാം തിയതി മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ ഫോൺ വാങ്ങാവുന്നതാണ്.
മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വർദ്ധിപ്പിക്കാവുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജ് ആണ് ജിയോണീ മാക്സ് പ്രോയ്ക്ക്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും ബോകെ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമുള്ള ഇരട്ട പിൻ ക്യാമറസെറ്റപ്പാണ് ജിയോണീ മാക്സ് പ്രോയിൽ. 8 മെഗാപിക്സൽ സെൽഫി കാമറ നോച്ചിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. 6.52 ഇഞ്ച് എച്ച്ഡി + (720x1560 പിക്സൽ) ഫുൾ വ്യൂ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേയാണ് ജിയോണീ മാക്സ് പ്രോയ്ക്ക്. 2.5D കർവ്ഡ് ഗ്ലാസ് സ്ക്രീൻ പരിരക്ഷണവും ഹാൻഡ്സെറ്റിനുണ്ട്.
ഡ്യുവൽ സിം (നാനോ) ഫോൺ ആയ ജിയോണീ മാക്സ് പ്രോ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നത്. 3 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ യൂണിസോക്ക് 9863A SoC പ്രോസസ്സർ ആണ് ഫോണിന്. 6,000 എംഎഎച്ച് ബാറ്ററി പായ്ക്കാണ് ജിയോണീ മാക്സ് പ്രോയുടെ പ്രത്യേകത. ഫുൾ ചാർജ് ചെയ്താൽ 60 മണിക്കൂർ വരെ ടോക് ടൈം ആണ് ജിയോണീ മാക്സ് പ്രോയ്ക്ക് അവകാശപ്പെടുന്നത്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്/എ-ജിപിഎസ്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, ചാർജ് ചെയ്യുന്നതിനായി മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.






