
ബെംഗളൂരു : ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വ്യക്തിഗത സുരക്ഷാ ആപ്ലിക്കേഷനുമായി ട്രൂകോളര്‍. ഗാര്‍ഡിയന്‍സ് എന്ന പേരില്‍ ആപ്പ് സ്റ്റോറില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന ആപ്പ് അടിയന്തിര ഘട്ടങ്ങളില്‍ രക്ഷിതാക്കളെ തങ്ങളുടെ ലൊക്കേഷന്‍ വിവരവും, മുന്നറിയിപ്പും നല്‍കുന്നതിന് സഹായിക്കുന്നു.
നിലവിലുള്ള ട്രൂ കോളാര്‍ ഐഡി കൊണ്ട്തന്നെ ഗാര്‍ഡിയന്‍സ് ആപ്പ് ഉപയോഗിക്കാം. അതിനുശേഷം ലൊക്കേഷന്‍, കോണ്ടാക്റ്റ്സ്, ഫോണ്‍ പെര്മിഷന് എന്നിവ കൊടുക്കണം. വരും ദിവസങ്ങളില്‍ ട്രൂകോളാര് ആപ്പില്‍ ഗാര്‍ഡിയന്‍സ് ആപ്പിലേക്കുള്ള ഷോര്‍ട്ട് കട്ട് ബട്ടന് നല്‍കും. എവിടെങ്കിലും യാത്ര പോകുമ്പോള്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്നും രക്ഷിതാക്കളെ തിരഞ്ഞെടുത്ത്, ലൊക്കേഷന്‍ പങ്കുവയ്ക്കാന്‍ സാധിക്കും. ആപത്ഘട്ടത്തില്‍ ആ ലൊക്കോഷന്‍ തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ക്ക് അവിടെ എത്താന്‍ കഴിയുന്ന രീതിയാണ് ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തോട് മുന്നോടിയായാണ് ഈ ആപ്പ് എത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങളൊന്നും തേഡ് പാര്‍ട്ടി ആപ്പുമായി പങ്കുവയ്ക്കില്ലെന്നും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നും ട്രൂകോളാര് പറയുന്നു. സ്വീഡനിലെയും ഇന്ത്യയിലെയും ടീമംഗങ്ങള്‍ ചേര്‍ന്ന കഴിഞ്ഞ 15 മാസക്കാലം കൊണ്ടാണ് ഗാര്‍ഡിയന്‍സ് ആപ്പ് തയ്യാറാക്കിയത്.
തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശം അയയ്ക്കാനും ഫോണ്‍ വിളിക്കാനും എളുപ്പത്തില്‍ ഗാര്ഡിയന്സ ആപ്പ് വഴി സാധിക്കും. പൊലിസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ട്രൂകോളര്‍ ലക്ഷ്യമിടുന്നുണ്ട്. പരസ്യങ്ങളോ പ്രീമിയം പരിധികളോ ഇല്ലാതെ തികച്ചും സൗജന്യമായി ഗാര്‍ഡിയന്‍സ് ആപ്പ് ഉപയോഗിക്കാം.






